തൊടുപുഴ: മീൻമാർക്കറ്റിലുള്ള നഗരസഭാ കെട്ടിടത്തിൽ നിന്ന് ഉണക്കമീൻ കച്ചവടക്കാർക്ക് ലൈസൻസ് പുതുക്കി നൽകാൻ ചെയർപേഴ്സൺ തയ്യാറാകാത്തതിനെ ചൊല്ലി കൗൺസിലിൽ ബഹളം. മുൻവൈസ് ചെയർമാൻ സി.കെ. ജാഫറും എൽ.ഡി.എഫ് കൗൺസിലർ ഷിംനാസുമാണ് വിഷയം കൗൺസിലിൽ ഉന്നയിച്ചത്. കഴിഞ്ഞ കൗൺസിലിൽ വിഷയം ചർച്ച ചെയ്തപ്പോൾ കച്ചവടക്കാരെ ഒഴിവാക്കേണ്ടെന്ന തീരുമാനം മറികടന്ന് ചെയർപേഴ്സൺ ഏകപക്ഷീയമായി തീരുമാനമെടുത്തെന്ന് ആരോപിച്ച് ഇരുവരും ബഹളംവച്ചു. നിരവധി പാവങ്ങളുടെ ജീവിതമാർഗമാണ് ഇല്ലാതാകുന്നതെന്നും അത് അനുവദിക്കാനാകില്ലെന്നും സി.കെ. ജാഫർ പറഞ്ഞു. സ്ഫോടകവസ്തുക്കൾ, രാസവളം, ഉണക്കമീൻ തുടങ്ങിയവയ്ക്ക് നഗരസഭാ കെട്ടിടം നൽകരുതെന്ന് നിബന്ധനയുണ്ടെന്ന് ചെയർപേഴ്സൺ ജെസി ആന്റണി മറുപടി പറഞ്ഞു. എങ്കിൽ കഴിഞ്ഞ അഞ്ചുവർഷമായി എങ്ങനെയാണ് അവിടെ കച്ചവടം നടന്നതെന്ന് ഷിംനാസ് തിരിച്ച് ചോദിച്ചു. ബഹളത്തിനിടെ യു.ഡി.എഫും എൽ.ഡി.എഫും ഒരുമിച്ച് വികാരം കൊള്ലാൻ മാത്രം എന്താണിതിലുള്ലതെന്ന് ബി.ജെ.പി കൗൺസിലർ ബാബു പരമേശ്വരൻ ചോദിച്ചു. അത്തരം പ്രയോഗങ്ങൾ അനുചിതമാണെന്നും പിൻവലിക്കണമെന്നും ഷിംനാസ് പറഞ്ഞു. ഇതിനിടെ പല തീരുമാനങ്ങളും കൗൺസിലർമാർ അറിയുന്നില്ലെന്ന് വൈസ് ചെയർമാൻ എം.കെ. ഷാഹുൽഹമീദും ആരോപിച്ചു. തുടർന്ന് നഗരസഭയുടെ കെട്ടിടങ്ങൾ വാടകയ്ക്ക് നൽകുന്നത് സംബന്ധിച്ച് അടുത്ത കൗൺസിലിൽ ചർച്ച ചെയ്യാമെന്ന് ചെയർപേഴ്സൺ പറഞ്ഞതോടെയാണ് ബഹളം അവസാനിച്ചത്.