ഇടുക്കി: : സധൈര്യം മുന്നോട്ട് പൊതുഇടം എന്റേതും എന്ന സന്ദേശമുയർത്തി കട്ടപ്പന, തൊടുപുഴ നഗരസഭകളിൽ നിർഭയ ദിനത്തിൽ രാത്രിനടത്തം സംഘടിപ്പിച്ചു. രാത്രി 11 മണി മുതൽ ഒരു മണി വരെയാണ് സ്ത്രീകൾ ടൗണിൽ കൂടി സഞ്ചരിച്ചത്. സമൂഹത്തിൽ സ്ത്രീകൾക്കു നേരെ വർദ്ധിച്ചുവരുന്ന അതിക്രമങ്ങൾക്കെതിരെ ശക്തമായ പൊതുബോധം ഉയർത്തുന്നതിനും പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും സ്ത്രീകൾക്ക് അന്യമാകുന്ന പൊതു ഇടങ്ങൾ ലഭ്യമാക്കുന്നതിനും ആണ് പരിപാടി സംഘടിപ്പിച്ചത്.
കട്ടപ്പനയുടെ നാലു ഭാഗങ്ങളിൽ നിന്നായി ആരംഭിച്ച രാത്രിനടത്തം മിനിസ്റ്റേഡിയത്തിൽ അവസാനിച്ചു . രണ്ടു പേർ അടങ്ങുന്ന സംഘമായി 200 മീറ്റർ അകലത്തിലാണ് സ്ത്രീകൾ നടന്നത്.കട്ടപ്പന നഗരസഭ വൈസ് ചെയർപേഴ്‌സൺ ലൂസി ജോയ് കൗൺസിലർമാരായ എമിലി ചാക്കോ, ബിന്ദു സെബാസ്റ്റ്യൻ , മഞ്ജു സതീഷ്, ടെസി ജോർജ്, ബീന വിനോദ,് എൽസമ്മ മാത്യു, ജലജ ജയസൂര്യൻ, സിഡിഎസ് ചെയർപേഴ്‌സൺ ഗ്രേസ് മേരി, വനിത ശിശു വികസന പദ്ധതി ഓഫീസർ അജിത കെ.എസ്, വനിത ശിശു വികസന വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ അടങ്ങുന്ന 30 സ്ത്രീകളാണ് പങ്കെടുത്തത്.
തൊടുപുഴയിൽ രാത്രി നടത്തത്തിൽ നൂറോളം സ്ത്രീകൾ പങ്കെടുത്തു .

തൊടുപുഴ മുനിസിപ്പൽ ചെയർ പേഴ്‌സൺ ജെസ്സി ആന്റണി ,ജില്ലാ വനിതാ ശിശുവികസന ഓഫീസർ സോഫി ജേക്കബ് , വിമൻ പ്രൊട്ടക്ഷൻ ഓഫീസർ ലിസി തോമസ് എന്നീവർ നേതൃത്വം നൽകിയ പരിപാടിയിൽ രാഷ്ട്രിയ പ്രവർത്തകർ, മുനിസിപ്പൽ കൗൺസിലർമാർ, സർവ്വീസ് സംഘടനാംഗങ്ങൾ, സംഘടനപ്രവർത്തകർ, കുടുംബശ്രി പ്രവർത്തകർ, അംഗൻവാടി ജീവനക്കാർ കേളേജ് വിദ്യാർത്ഥികൾ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള സ്ത്രീകൾ പങ്കെടുത്തു. മങ്ങാട്ടുകവല വെങ്ങല്ലൂർ എന്നീ കേന്ദ്രങ്ങളിൽ നിന്ന് പുറപ്പെട്ട രാത്രി നടത്തക്കാർ ഗാന്ധിസ്വകയറിൽ ഒത്തുകൂടി മെഴുകുതിരികൾ തെളിച്ച് ലിംഗസമത്വ പ്രതിജ്ഞ എടുത്തു. നഗരസഭാ ചെയർ പേഴ്‌സൺജെസ്സി ആന്റണി പ്രതിജ്ഞ ചൊല്ലികൊടുത്തു.തുടർന്ന് മധുര പലഹാര വിതരണവും കലാപരിപാടികളും നടന്നു.

ഫോട്ടോ അടിക്കുറിപ്പ്
1. കട്ടപ്പന നഗരസഭയിൽ സംഘടിപ്പിച്ച നൈറ്റ് വാക്കിൽ പങ്കെടുത്തവർ
2. തൊടുപുഴയിൽ സധൈര്യം മുന്നോട്ട് പൊതു ഇടം എന്റേതും'തൊടുപുഴയിൽ നടന്ന സ്ത്രീകളുടെ രാത്രി നടത്തം