മുട്ടം: മദ്യപിച്ച് അതിക്രമം കാണിക്കുന്നെന്ന പരാതി അന്വേഷിക്കാനെത്തിയ മുട്ടം എസ്.ഐയടക്കമുള്ള പൊലീസുകാർക്ക് നേരെ അക്രമം അഴിച്ചുവിട്ട പ്രതികളെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. ക്രിസ്മസ് ദിനത്തിൽ രാത്രി 8.30ന് മ്രാല മൂന്നാം മൈൽ കാട്ടോലി ഭാഗത്ത് വെച്ചാണ് പ്രതികൾ പോലീസിനെ അക്രമിച്ചത്. സ്ത്രീകൾ മാത്രം താമസിക്കുന്ന വീട്ടിൽ ക്രിസ്മസ് രാത്രിയിൽ മദ്യപാനിയായ ഒരാൾ അതിക്രമം കാണിക്കുന്നതായി തൊടുപുഴ കൺട്രോൾ റൂമിൽ വിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷിക്കാൻ എത്തിയ മുട്ടം സ്റ്റേഷനിലെ എസ്.ഐ ബൈജു പി. ബാബുവിനും സംഘത്തിനും നേരെയാണ് കൈയേറ്റമുണ്ടായത്. കാട്ടോലിയിലുള്ള പട്ടിക വിഭാഗ കോളനിയിലെ പൊതു ടാപ്പിൽ നിന്ന് വെള്ളമെടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനിടെ മദ്യപിച്ച് ബഹളമുണ്ടാക്കിയ അമ്പാനാപ്പള്ളിയിൽ ശ്രീനാഥിനെ (28) എസ്.ഐ ചോദ്യം ചെയ്യവെ സമീപത്തുള്ള വീട്ടിൽ നിന്ന് ഇറങ്ങി വന്ന അമ്പാനാപ്പള്ളിയിൽ കെ.കെ. വനജയും (43), വനജയുടെ സുഹൃത്ത് പാലക്കാട് കരിമ്പ സ്വദേശി അരുൺ എന്നിവർ എസ്.ഐയെ അസഭ്യം പറഞ്ഞ് കൈയേറ്റം ചെയ്യുകയായിരുന്നു. സംഭവത്തിൽ പരിക്ക് പറ്റിയ എസ്.ഐ ബൈജു പി. ബാബു തൊടുപുഴ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.. അന്വേഷണത്തിന് എത്തിയ പോലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ് കൈയേറ്റം ചെയ്തതിന് മൂന്ന് പേരെയും അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. പൊലീസിനെ അക്രമിക്കാൻ ഉപയോഗിച്ച വടിയും കല്ലും കണ്ടെടുത്തു.ഇവരെ ഇന്നലെ രാവിലെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കി. മുട്ടം എസ് ഐ മുഹമ്മദിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്.