മറയൂർ: മറയൂർ ചന്ദന ഡിവിഷനിലെ നാച്ചിവയൽ മറയൂർ റിസർവ്വ് വനങ്ങളിൽ പുലികളുടെ സാന്നിധ്യം. നാച്ചിവയൽ റിസർവ്വിലെ അക്കരശീമ, കൂടവയൽ ഭാഗങ്ങളിലും കാന്തല്ലൂർ റിസർവ്വിലെ കാരയൂർ ഭാഗങ്ങളിലുമാണ് വനം വകുപ്പിലെ ജീവനക്കാർ പുലിയെ കണ്ടത്. നാച്ചിവയൽ റിസർവ്വിലെ അക്കരശീമ ഭാഗത്ത് നിരവധി മാനുകളെ പുലി ഭക്ഷിച്ച് ഉപേക്ഷിച്ചിടുണ്ട്. കാരയൂർ റിസർവ്വിലും കീഴാന്തൂർ സെമാബന്തി ഭാഗങ്ങളിലും നിരവധിപേർ പുലിയെ കാണുകയും ചെയ്തു.
മറയൂർ ചന്ദന റിസർവ്വിൽ പൊതുവെ പുലിയുടെ സാന്നിദ്ധ്യം കുറവാണ് സമീപ ദിവസങ്ങളിലായാണ് ഇവയെ കണ്ടുവരുന്നത്. നാച്ചിവയൽ മറയൂർ ഭാഗങ്ങളിൽ മാനുകളുടെയും കാട്ടുപോത്തിന്റെയും എണ്ണത്തിൽ വലിയതോതിലുള്ള വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
രാത്രികാലങ്ങളിൽ വനം വകുപ്പിന്റെ നിരവധി വാച്ചർമാരാണ് പുലിയുടെ സാന്നിധ്യമുള്ള കാടുകളിൽ ജോലിചെയ്യുന്നത്. ഒട്ടും സുരക്ഷിതമല്ലാത്ത വാച്ചർ ഷെഡ്ഡുകളും വാക്കി ടോക്കിയും മുളവടിയും മാത്രാമാണ് ആശ്രയം.
കാൽപാടുകൾ കൊണ്ടും മാനുകളെ കൊന്ന് ഭക്ഷിച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനാലും പുലികളുടെ സാന്നിദ്ധ്യം ചന്ദന റിസർവ്വിൽ ഉണ്ടെന്നുംചന്ദന സംരക്ഷണത്തിന്റെ ഭാഗമായി രാത്രികാലങ്ങളിൽ ജോലിചെയ്യുന്ന വാച്ചർമാർക്ക് മതിയായ സുരക്ഷ ഒരൂക്കൂന്നതിനുള്ള നടപടികൾ ഉടൻ തന്നെ സ്വീകരിക്കുമെന്നും മറയൂർ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ അരുൺ മഹാരാജാ പറഞ്ഞു.