കട്ടപ്പന: ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രികളിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം നൽകുന്ന ഹൃദയപൂർവം പദ്ധതിക്ക് നാളെ തുടക്കമാകുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഉച്ചയ്ക്ക് 12ന് പീരുമേട് താലൂക്ക് ആശുപത്രിയിൽ സംസ്ഥാന സെക്രട്ടറി എ.എ. റഹിം ഉദ്ഘാടനം നിർവഹിക്കും. കെ.കെ. ജയചന്ദ്രൻ, പി.എസ്. രാജൻ, ആർ. തിലകൻ, നിശാന്ത് വി.ചന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും. ആദ്യഘട്ടത്തിൽ പീരുമേട്, ഏലപ്പാറ, വണ്ടൻമേട് ബ്ലോക്ക് കമ്മിറ്റികളുടെ പരിധിയിൽനിന്നു പൊതിച്ചോർ ശേഖരിച്ച് തോട്ടം തൊഴിലാളികൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ എത്തുന്ന താലൂക്ക് ആശുപത്രിയിൽ ഉച്ചയ്ക്ക്വിതരണം ചെയ്യും. പൗരത്വ നിയമഭേദഗതിക്കെതിരെ അന്നേദിവസം വൈകിട്ട് നാലിന് ഏലപ്പാറയിൽ സംഘടിപ്പിക്കുന്ന ജനാധിപത്യ സംരക്ഷണ സദസും എ എ റഹിം ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ സെക്രട്ടറി രമേശ് കൃഷ്ണൻ, വൈസ് പ്രസിഡന്റ് എസ്. സുധീഷ്, ജില്ലാ സെക്രട്ടറിയേറ്റംഗം ജിബിൻ മാത്യു എന്നിവർ അറിയിച്ചു.