തൊടുപുഴ: മലിന ജലം ഓടയിലൂടെ തോട്ടിലേക്കും പുഴയിലേക്കും ഒഴുക്കിയ ഹോട്ടൽ നഗരസഭ അധികൃതർ അടപ്പിച്ചു. മൂവാറ്റുപുഴ റൂട്ടിൽ വെങ്ങല്ലൂർ ഷാപ്പുംപടിയ്ക്കു സമീപം പ്രവർത്തിക്കുന്ന ഹോട്ടലാണ് അടപ്പിച്ചത്. ഉടമയോട് 25000 രൂപ പിഴയടയ്ക്കാനാവശ്യപ്പെട്ട് നഗരസഭ നോട്ടീസും നൽകി. ഞായറാഴ്ച രാത്രി ഹോട്ടലിൽ നിന്നുള്ള മലിനജലം പമ്പു ചെയ്ത് ഓടയിലൂടെ ഒഴുക്കുകയായിരുന്നെന്ന് നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. പുലർച്ചെ പ്രഭാത സവാരിക്കിറങ്ങിയ നാട്ടുകാരാണ് പ്രദേശത്തു നിന്ന് ദുർഗന്ധം വമിക്കുന്ന വിവരം നഗരസഭ അധികൃതരെ അറിയിച്ചത്. തുടർന്ന് വാർഡ് കൗൺസിലറും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ തോട്ടിലൂടെ മാലിന്യങ്ങൾ ഒഴുക്കിയതായി കണ്ടെത്തി. ഹോട്ടലിൽ നിന്ന് പമ്പുപയോഗിച്ച് ഇത് ഓടയിലൂടെ പുറന്തള്ളുകയായിരുന്നെന്ന് കണ്ടെത്തിയതോടെ ഹോട്ടൽ അടയ്ക്കാൻ നിർദേശം നൽകുകയായിരുന്നു. ഓട വൃത്തിയാക്കി പിഴ അടച്ചതിനു ശേഷം മാത്രം സ്ഥാപനം തുറന്നു പ്രവർത്തിച്ചാൽ മതിയെന്ന് നഗരസഭ അധികൃതർ അറിയിച്ചു. തുടർന്ന് ഹോട്ടൽ തൊഴിലാളികളെ ഉപയോഗിച്ച് മാലിന്യം നീക്കം ചെയ്ത് ഓട വൃത്തിയാക്കി.