ഒരു ട്വന്റി 20 ക്രിക്കറ്റ് മാച്ചിന്റെ വേഗത്തിൽ 2019നെ പിന്തള്ളി 2020 പിറക്കുമ്പോൾ ഒരു പിടി സ്വപ്നങ്ങളാണ് ജില്ലയ്ക്കുള്ളത്. ഈ പുതുവർഷത്തിൽ ഇടുക്കിയുടെ മുഖച്ഛായ മാറ്റിയേക്കാവുന്ന ചില പ്രതീക്ഷകൾ ഇതാ...
ഇക്കൊല്ലം ഡബിൾ വിസിൽ മുഴങ്ങും
തൊടുപുഴ: ഏഴ് വർഷം മുമ്പാണ് തൊടുപുഴയിലെ പുതിയ കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ നിർമാണം ആരംഭിച്ചത്. ഇതിന് ശേഷം പണി തുടങ്ങിയ മുവാറ്റുപുഴയടക്കമുള്ള പല ഡിപ്പോകളും പ്രവർത്തനം ആരംഭിച്ചിട്ടും തൊടുപുഴ മാത്രം കട്ടപ്പുറത്തായിരുന്നു. ഈ പുതുവർഷത്തിലെങ്കിലും ഡിപ്പോയുടെ പ്രവർത്തനം പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലാണ് തൊടുപുഴ നിവാസികൾ. ഫെബ്രുവരിയിലോ മാർച്ചിലോ ഡിപ്പോ സജ്ജമാക്കാനാണ് കെ.എസ്.ആർ.ടി.സി ശ്രമിക്കുന്നത്. നിലവിൽ ഡിപ്പോ താത്കാലികമായി പ്രവർത്തിക്കുന്ന ലോറി സ്റ്റാൻഡ് ഒഴിയണമെന്ന് നഗരസഭ നോട്ടീസ് നൽകിയതോടെയാണ് അത്യാവശ്യനിർമാണങ്ങൾ പൂർത്തിയാക്കി ഫെബ്രുവരിയോടെ ഡിപ്പോയുടെ പ്രവർത്തനം തുടങ്ങാൻ തീരുമാനിച്ചത്. ഇതിനായി ഓഫീസ്, ജീവനക്കാരുടെ താമസം, മെക്കാനിക്കൽ, സിവിൽ ജോലികൾ, വൈദ്യുതീകരണം, ശൗചാലയം എന്നിവ അടിയന്തരമായി സജ്ജമാക്കാനാണ് തീരുമാനം.