കട്ടപ്പന: പുതുവർഷത്തിൽ ടൂറിസം, ആരോഗ്യം, അടിസ്ഥാന സൗകര്യം തുടങ്ങിയ മേഖലകളിലെ വികസനത്തിലൂടെ കട്ടപ്പന നഗരത്തിന്റെ കുതിപ്പിനാണ് കളമൊരുങ്ങുന്നത്. കട്ടപ്പന താലൂക്ക് ആശുപത്രിയുടെ 40 കോടിയുടെ മാസ്റ്റർ പ്ലാൻ സർക്കാർ അംഗീകരം നൽകുമെന്നാണ് കരുതുന്നത്. മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ നിലവാരത്തിലേക്കു ഉയർത്തുന്ന തരത്തിലുള്ള പദ്ധതികളാണ് മാസ്റ്റർ പ്ലാനിലുള്ളത്. നഗരസഭയുടെ പരിധിയിലുള്ള കല്യാണത്തണ്ട് വിനോദസഞ്ചാരം കേന്ദ്രം മുൻനിർത്തി കട്ടപ്പനയെ ടൂറിസം പോയിന്റാക്കി മാറ്റാനും നഗരസഭ തീരുമാനിച്ചിട്ടുണ്ട്. ഡി.ടി.പി.സി. സഹായത്തോടെ ഇതു നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. കൂടാതെ വ്യാപാരികളുടെ സഹകരണത്തോടെ കട്ടപ്പനയിൽ എയർ സ്ട്രിപ്പ് ആരംഭിക്കാനും പദ്ധതിയുണ്ട്. ഇതിനായുള്ള സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെയുള്ളവ പൊതുജന പങ്കാളിത്തത്തോടെ നടപ്പാക്കാനാണ് തീരുമാനം. ഇടുക്കിക്കവല ബൈപാസ് റോഡിനുസമീപത്തെ ഭവന നിർമാണ ബോർഡിന്റെ സ്ഥലത്ത് പാർക്ക് നിർമാണത്തിനു ഈവർഷം തുടക്കം കുറിക്കാനാകുമെന്നാണ് പ്രതീക്ഷ. ഇപ്പോഴത്തെ നഗരസഭ സ്‌റ്റേഡിയത്തിൽ ഇൻഡോർ സ്‌റ്റേഡിയവും സ്വിമ്മിംഗ് പൂളും നിർമിക്കാനും ലക്ഷ്യമിടുന്നു.
തിരുവനന്തപുരം ആർ.സി.സിയുടെ ഉപകേന്ദ്രം കട്ടപ്പനയിൽ ആരംഭിക്കുന്നതു സംബന്ധിച്ച് നഗരസഭ നിവേദനം കേന്ദ്രസംസ്ഥാന സർക്കാരുകൾക്ക് നൽകിയിട്ടുണ്ട്. സംസ്ഥാന സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചാൽ ഇക്കാര്യം പരിഗണിക്കാമെന്ന് ഡീൻ കുര്യാക്കോസ് എം.പി. മുഖേനെ നൽകിയ നിവേദനത്തിനു മറുപടിയായി കേന്ദ്രസർക്കാരും അറിയിച്ചിട്ടുണ്ട്. കൂടാതെ കട്ടപ്പന നഗരത്തിന്റെ മാസ്റ്റർ പ്ലാനും ഈവർഷം തയാറാക്കുമെന്ന് നഗരസഭാധ്യക്ഷൻ ജോയി വെട്ടിക്കുഴി പറഞ്ഞു.