തൊടുപുഴ: സംസ്ഥാനത്തെ പ്ലാസ്റ്റിക്ക് നിരോധനത്തിന്റെ പശ്ചാത്തലത്തിൽ നിരവധി പ്രകൃതി സൗഹൃദ ബദൽ ഉൽപ്പന്നങ്ങളും വിവിധ ഉറവിട മാലിന്യ സംസ്‌കരണ യൂണിറ്റുകളും പരിചയപ്പെടാൻ അവസരമൊരുക്കിയിരിക്കുകയാണ് ജില്ലാ ഹരിതകേരളം മിഷൻ പവലിയൻ. തൊടുപുഴ കാർഷികമേളാ നഗരിയിലാണ് പ്ലാസ്റ്റിക്കിനെ അകറ്റിനിർത്താൻ സഹായിക്കുന്ന ബദലുകളെ പരിചയപ്പെടുത്തുന്നത്. തീർത്തും ഉപയോഗരഹിതമെന്ന് കരുതപ്പെടുന്ന വെട്ടുതുണികൾ പോലും വലിച്ചെറിയേണ്ടവയല്ലെന്ന് ഈ സ്റ്റാൾ വിളിച്ചറിയിക്കുന്നു. ഇലകൊണ്ടുള്ള പാത്രം മുതൽ തുണി കൊണ്ടുണ്ടാക്കിയ സാനിറ്ററി നാപ്കിൻ വരെ ഈ പവലിയനിലെ സ്റ്റാളുകളിലുണ്ട്. മാലിന്യ സംസ്‌കരണത്തിനുള്ള വിവിധ ഉപാധികൾ കാണാനും പ്രവർത്തനങ്ങൾ വിശദമായി മനസ്സിലാക്കാനും സ്റ്റാൾ സന്ദർശനത്തിലൂടെ കഴിയും.ശുചിത്വ മിഷന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളാണ് ഇവ അവതരിപ്പിക്കുന്നത്. വിവിധ തരത്തിലും രൂപത്തിലും നിറത്തിലുമുള്ള തുണിസഞ്ചികളാണ് സ്റ്റാളുകളിലെ മറ്റൊരാകർഷണം.പത്തു രൂപ മുതൽ ഇവിടെ ഇവ ലഭ്യമാണ്.തയ്യൽക്കടകളിൽ നിന്നുള്ള വെട്ടുതുണികൾ ഉപയോഗിച്ചുണ്ടാക്കിയ ഭംഗിയുള്ള ചവിട്ടികളും ബാഗുകളും മണ്ണുകൊണ്ടും മുള,ഈറ്റ എന്നിവ ഉപയോഗിച്ചുമുള്ള ബദലുകളും സവിശേഷമാണ്.
മുള കൊണ്ടുള്ള മൊബൈൽപെൻ സ്റ്റാന്റുകൾ, കപ്പ്, മുറം,നാഴി, തവി തുടങ്ങി ഉൽപ്പന്നങ്ങളുടെ ഒരു നിര തന്നെയുണ്ട് സ്റ്റാളിൽ.മൺ നിർമ്മിത വീട്ടുപകരണങ്ങൾ ആരെയും വിസ്മയിപ്പിക്കും.കപ്പും സോസറും വാട്ടർ ബോട്ടിലും കുഴിയൻ പാത്രവും മൺ പ്ലേറ്റുകളും കരകൗശലങ്ങളും ഏറെ.ഇന്നലെ ഹരിതകേരളം പവലിയനിലെത്തിയ പി ജെ ജോസഫ് എം എൽ എ പഴങ്കഞ്ഞി കുടിക്കാൻ കുഴിയൻ പിഞ്ഞാണവും വാങ്ങിയാണ് മടങ്ങിയത്.പ്ലാസ്റ്റിക്ക് നിരോധനത്തിന്റെ പശ്ചാത്തലത്തിൽ ബോധവൽക്കരണത്തിനൊപ്പം പ്രകൃതിദത്ത ബദലുകളെ പ്രോൽസാഹിപ്പിക്കുന്നതിനും പരിചയപ്പെടുത്തുന്നതിനുമാണ് ഹരിതകേരളം മിഷൻ പവലിയൻ ഇത്തരത്തിൽ സജ്ജമാക്കിയതെന്ന് ജില്ലാ കോഓർഡിനേറ്റർ ഡോ.ജി എസ് മധു പറഞ്ഞു.
ഫോട്ടോ
ഹരിതകേരളം മിഷൻ പവലിയനിലെത്തിയ പി ജെ ജോസഫ് എംഎൽഎ കഞ്ഞി കുടിക്കുന്നതിന് കുഴിയൻ പിഞ്ഞാണം വാങ്ങിയപ്പോൾ