കട്ടപ്പന: തെങ്ങുകളിൽ വെള്ളീച്ചശല്യം രൂക്ഷമായതോടെ നാളികേര ഉത്പ്പാദനം വൻതോതിൽ കുറയുന്നു. പ്രതിരോധിക്കാനാകാതെ കർഷകരും. ഓലകൾക്കിടയിൽ കൂട് കൂട്ടുന്ന വെള്ളീച്ച അതിവേഗം പെരുകുന്നതോടെ ഓലകൾ കരിഞ്ഞുണങ്ങുകയാണ്. പുഴുക്കളെപ്പോലെ കാണപ്പെടുന്ന ഇവ പെട്ടെന്നു പാറ്റയായി രൂപാന്തരപ്പെടുന്നു. പൂർണ വളർച്ചയെത്തിയ തെങ്ങുകളിൽ കീടനാശിനി പ്രയോഗം അസാദ്ധ്യമായതിനാൽ ഇവറ്റയെ തുരത്താനുമാകുന്നില്ല. ഒരുസ്ഥലത്തുനിന്ന് മറ്റു പുരയിടങ്ങളിലേക്ക് കാറ്റിലൂടെ അതിവേഗത്തിലാണ് വെള്ളീച്ചകൾ പെരുകുന്നത്. തെങ്ങിനൊപ്പം പച്ചക്കറിക്കൃഷിക്കും വെള്ളീച്ച ഭീഷണിയാണ്. ഓലകൾക്കടിയിൽ കൂടുകെട്ടുന്ന വെള്ളീച്ച നീരുകുടിക്കുന്നതോടെ ഓല കറുക്കുന്നു. ഇതോടെ ഓല കരിഞ്ഞുണങ്ങുകയും ചെയ്യും. ഇതു തേങ്ങ ഉത്പ്പാദനം കുറയുന്നതിനും കാരണമാകുന്നു. വെള്ളീച്ച ബാധിച്ച തെങ്ങുകളിൽ ഉണ്ടാകുന്ന തേങ്ങയ്ക്ക് തൂക്കവും കുറവായിരിക്കും. പ്രളയത്തിനുശേഷം ജില്ലയുടെ പല ഭാഗങ്ങളിലും വെള്ളീച്ചശല്യം അതിരൂക്ഷമാണ്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കൂടുതലാണെന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥരും പറയുന്നു.ഒരു കൃഷിയിടത്തിൽ നിന്നു തുരത്തിയാൽ പോലും മറ്റുള്ള സ്ഥലങ്ങളിൽ നിന്നു കാറ്റിലൂടെ ഇവ വീണ്ടും എത്തിച്ചേരും. തെങ്ങിന്റെ മുകളിലെത്തി ദിവസേന കീടനാശിനി പ്രയോഗം നടത്താൻ ബുദ്ധിമുട്ടായതിനാൽ കർഷകരും വെട്ടിലായിരിക്കുകയാണ്. മുമ്പ് മഴക്കാലത്ത് വെള്ളീച്ച നശിക്കുമായിരുന്നു. പ്രകൃതി തന്നെ ഒരുക്കിയിരുന്ന പ്രതിരോധത്തിലായിരുന്നു കർഷകരുടെ പ്രതീക്ഷ. എന്നാൽ രണ്ടാം പ്രളയത്തിനുശേഷം ഒക്‌ടോബറിൽ അതിശക്തമായ മഴ ലഭിച്ചിട്ടും കൃഷിയിടങ്ങളിൽ നിന്നു വെള്ളീച്ച വിട്ടൊഴിഞ്ഞിട്ടില്ല. പച്ചക്കറിത്തോട്ടങ്ങളിലും ഇവറ്റയുടെ ശല്യം രൂക്ഷമാണ്. ഒരു ചെടിയിൽ നിന്നു അടുത്തതിലേക്കു വേഗത്തിൽ പടരുന്നതിനാൽ ദിവസേനയുള്ള പരിപാലനം വേണ്ടിവരും. ശാസ്ത്രീയ മാർഗങ്ങളിലൂടെ ബുദ്ധിമുട്ടില്ലാതെ നിയന്ത്രിക്കാൻ കഴിയുമെന്നതാണ് കർഷകരുടെ ആശ്വാസം.
പ്രതിരോധ മാർഗങ്ങൾ:
വെർട്ടിസീലിയം 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി രണ്ടാഴ്ച ഇടവിട്ട് തളിക്കാം.
രണ്ടു ശതമാനം വേപ്പെണ്ണ എമൽഷൺ ആഴ്ചയിലൊരിക്കൽ തളിക്കാം.
വേപ്പെണ്ണ എമൾഷൻ
ആറുഗ്രാം ബാർ സോപ്പ് 50 മില്ലി വെള്ളത്തിൽ ലയിപ്പിച്ചത് 100 മില്ലി വേപ്പെണ്ണയിൽ ചേർത്തിളക്കുക, ഇതിലേക്കു രണ്ടുലിറ്റർ വെള്ളം ചേർത്ത് പയർവർഗ വിളകളിലും ആറു ലിറ്റർ വെള്ളം ചേർത്ത് വെള്ളരി വർഗ വിളകളിലും പ്രയോഗിക്കാം. ഓരോ ലിറ്റർ ലായിനിക്കും 20 ഗ്രാം വെളുത്തുള്ളി നീര് ചേർക്കുന്നത് ഫലപ്രാപ്തി കൂട്ടും.