ചെറുതോണി : പ്രളയക്കെടുതിയെ തുടർന്ന് കടക്കെണിയിലായ ഇടുക്കിയിലെ കർഷകരുടെ വായ്പാ തിരിച്ചടവിൽ ഇളവ് അനുവദിക്കുന്നതിനും കൂടുതൽ ആനുകൂല്യങ്ങൾ അനുവദിക്കുന്നതിനും സർക്കാർ തയ്യാറാകണമെന്ന് റോഷി അഗസ്റ്റിൻ എംഎൽഎ ആവശ്യപ്പെട്ടു. ഇടുക്കി പാക്കേജ് പ്രഖ്യാപിച്ചപ്പോൾ കർഷകരുടെ വായ്പ എഴുതിതള്ളുന്നതും കാർഷികമേഖലയുടെ പുനരുദ്ധാരണത്തിന് കൂടുതൽ പദ്ധതികളും കർഷകർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ പ്രഖ്യാപനം കഴിഞ്ഞ് ഒരു വർഷം പിന്നിടുമ്പോഴും പാക്കേജിന്റെ ഭാഗമായി യാതൊരുവിധ നടപടികളും സ്വീകരിക്കാത്തത് അപലപനീയമാണ്. ഇന്നലെ മൊറോട്ടോറിയം കാലയളവ് അവസാനിച്ചതോടെ വായ്പകൾ തിരിച്ചുപിടിക്കുന്നതിനായി ബാങ്കുകൾ ജപ്തി നടപടികളുമായി മുന്നിട്ടിറങ്ങും. കഴിഞ്ഞ വർഷം മാത്രം പത്ത് കർഷക ആത്മഹത്യയാണ് ജില്ലയിൽ നടന്നത്. ഇത് കർഷകരുടെ സാമ്പത്തിക അനിശ്ചിതാവസ്ഥയാണ് വ്യക്തമാക്കുന്നത്. മൊറോട്ടോറിയം കാലയളവിലെ പലിശകൂടി വായ്പയിൻമേൽ തിരിച്ചടയ്‌ക്കേണ്ടിവരുന്നതോടെ കർഷകർ ഏറെ പ്രതിസന്ധിയിലായിരിക്കുകയാണ്. സാമ്പത്തിക വർഷം അവസാനിക്കാറായതുമൂലം വായ്പ തിരിച്ചടവിന് ഹ്രസ്വമായ കാലയളവുമാത്രമാണ് ശേഷിക്കുന്നത്. അതിനാൽ കർഷകർ ഏറെ പ്രതിസന്ധിയിലാകും. സ്വർണ്ണ പണയത്തിൻമേൽ നാല് ശതമാനം നിരക്കിൽ ലഭിച്ചിരുന്ന കാർഷിക വായ്പപോലും സർക്കാരിന്റെ ഇടപെടൽ മൂലം ഇല്ലാതായിരിക്കുകയാണ്. ഇത്തരം പ്രതിന്ധികളിൽ നിന്നും കർഷകരെ കരകയറ്റുന്നതിനായി പാക്കേജിന്റെ ഭാഗമായി വായ്പകൾ എഴുതിതള്ളുന്നതിനും കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുന്നതിനും സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.