ഇടുക്കി : പഠന നിലവാരം കൂടുതൽ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ജില്ലയിലെ പതിനാറു സ്‌കൂളുകളിൽ ആരംഭിച്ച ഓൺലൈൻ ട്യൂഷന്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു നിർവഹിച്ചു. തിരുവന്തപുരംഓഫീസിൽ നിന്ന് ഓൺലൈനായാണ് അദ്ദേഹം ഉദ്ഘാടനം നിർവഹിച്ചത്. ജില്ലാ ഭരണകൂടം, ആസൂത്രണ സമിതി, ഐ.ടി മിഷന്റെ കീഴിലുള്ള അക്ഷയ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ സഹകരണത്തോടെ ജില്ലയിലെ ഹൈസ്‌കൂൾ വിദ്യാർത്ഥികളെ പഠന സഹായത്തിനും പഠന നിലവാരം മെച്ചപ്പെടുത്താനുമാണ് ഓൺലൈൻ ട്യൂഷൻ പദ്ധതി ആരംഭിച്ചിരിക്കുന്നത്. അദ്ധ്യാപകരുടെ ആശങ്കകൾ ചർച്ചചെയ്ത് പരിഹരിച്ച് അദ്ധ്യാപകർക്ക് പരമാവധി സൗകര്യപ്രദമായിട്ടാണ് ക്ലാസുകൾ തയ്യാറാക്കിയിരിക്കുന്നത്. ജി വി എച്ച് എസ് എസ് ദേവിയാർ കോളനി, പത്താംമൈൽ, ഗവ.എച്ച് എസ് എസ് ബൈസൺവാലി, ഗവ.എച്ച് എസ് പാമ്പനാർ, ജി.എച്ച്എസ്എസ് വണ്ടിപ്പെരിയാർ, ജിഎച്ച്എസ് ചിന്നക്കനാൽ, ജിഎച്ച്എസ് മറയൂർ, ജിഎച്ച്എസ് കോടിക്കുളം, എസ്എൻവിഎംഎച്ച്എസ്എസ് വണ്ണപ്പുറം, ജിവിഎച്ച്എസ്എസ് തട്ടക്കുഴ, ജി.റ്റി.എച്ച്.എസ്.എസ് മുരിക്കാട്ടുകുടി, ജി.എച്ച്.എസ് വളകോട്, ജി.വി.എച്ച്.എസ്.എസ് നെടുങ്കണ്ടം, സെന്റ് സേവ്യേഴ്സ് എച്ച്എസ്എസ് ചെമ്മണ്ണാർ, ജിവിഎച്ച്എസ്എസ് വാഴത്തോപ്പ്, സെന്റ് അഗസ്റ്റിൻസ് എച്ച്എസ്എസ് കരിങ്കുന്നം, ജിറ്റിഎച്ച്എസ്എസ് പൂമാല എന്നിവിടങ്ങളാണ് ആദ്യ ഘട്ട ഓൺലൈൻ ട്യൂഷൻ ക്ലാസ് റൂമുകൾ. ആദ്യഘട്ടത്തിൽ 10ാം ക്ലാസുകളിലെ കുട്ടികൾക്ക് കണക്ക്, ഫിസിക്സ്, കെമിസ്ട്രി, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾക്കാണ് റിവിഷൻ ക്ലാസുകൾ നൽകുക. പരീക്ഷയ്ക്ക് മുൻപ് 30 മണിക്കൂറായിരിക്കും റിവിഷൻ ക്ലാസ് ട്യൂഷൻ നൽകുക. കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ പരിപാടിയിൽ വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡണ്ട് റിൻസി സിബി, വിദ്യാഭ്യാസ ഉപഡയറക്ടർ മിനി ടി.കെ, ജില്ലാ പ്ലാനിംഗ് ഓഫീസർ കെകെ ഷീല, അഡിഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ആന്റണി സ്‌കറിയ, അക്ഷയ ജില്ലാ പ്രോഗ്രാം മാനേജർ ഷംനാദ് സി.എം, ഡി.പി.സി അംഗം എം ഹരിദാസ്, ഡെപ്യൂട്ടി ഡിപിഒ സാബു വർഗീസ്, ഡയറ്റ് ലക്ച്ചറർ ജിജോ എം തോമസ്, വിവിധ സ്‌കൂളുകളിൽ നിന്നും പരിശീലനം ലഭിച്ച അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.