ഇടുക്കി : ദുരന്തമുഖങ്ങളിൽ ശാസ്ത്രീയവും കാര്യക്ഷമവുമായ രക്ഷാപ്രവർത്തനങ്ങൾക്ക് ജില്ലകൾ തോറും പ്രത്യേക ദൗത്യസംഘങ്ങളെ രൂപീകരിക്കുമെന്ന് മുഖ്യ വനം മേധാവി പി. കെ. കേശവൻ അറിയിച്ചു. ഇതിനായി വിവിധ വകുപ്പുകളും സംവിധാനങ്ങളുമായി ചേർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് വിദഗ്ധ പരിശീലനം നൽകും. രക്ഷാപ്രവർത്തനങ്ങളിൽ മുന്നിട്ടിറങ്ങാനുള്ള താൽപര്യം മാത്രം പരിഗണിച്ചാണ് സംഘം രൂപീകരിക്കുക. ഉദ്യേഗസ്ഥരുടെ തസ്തിക, റാങ്ക് എന്നിവ ഇതിനായി പരിഗണിക്കില്ല. പരിശീലനം മികച്ച രീതിയിൽ പൂർത്തിയാക്കുന്നവരെ ടീം ലീഡറായി നിയമിക്കുമെന്നും മുഖ്യ വനം മേധാവി വ്യക്തമാക്കി. മൂന്ന്മാസത്തിലൊരിക്കൽ സഘാംഗങ്ങൾക്ക് മോക്ഡ്രിൽ ഉൾപ്പെടെ തുടർ പരിശീലനങ്ങൾ നടത്തുമെന്നും ഇതിൽ മറ്റുള്ളവർക്കും പങ്കെടുക്കാൻ അവസരം നൽകുമെന്നും അദ്ദേഹം പറഞ്ഞു. വനത്തിനകത്തുള്ള ദുരന്തങ്ങൾക്കാണ് മുൻഗണന നൽകുക. .