തൊടുപുഴ: മന്നം ജയന്തി ദിനമായ നാളെ ഉച്ചകഴിഞ്ഞ് 2 ന് കേരള കോൺഗ്രസ്സ് ജോസ് കെ മാണി വിഭാഗം തൊടുപുഴ നിയോജകമണ്ഡലം കൺവെൻഷൻ ടൗൺ ഹാളിൽ ചേരുമെന്ന് നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കൺവെൻഷനും കെ എം മാണി ഭവന്റെ ഉദ്‌ഘാടനവും പാർട്ടി ചെയർമാൻ ജോസ് കെ മാണി നിർവ്വഹിക്കും.ഇതോടനുബന്ധിച്ച് റാലിയും നടത്തും. കേരളത്തിന്റെ വികസനത്തിനും ജനനന്മക്കും കേരള കോൺഗ്രസ്സ് പ്രസ്ഥാനത്തിന്റെ വളർച്ചക്കും കെ എം മണി നൽകിയിട്ടുള്ള വിലപ്പെട്ട സംഭാവനകൾ സംബന്ധിച്ച് പഠനം നടത്തുന്നതിനും വരും തലമുറയിലേക്ക് കേരള കോൺഗ്രസിന്റെ ആചാര്യനായ കെ എം മണിയുടെ സന്ദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും വേണ്ടിയാണ് കെ എം മാണി സ്റ്റഡി സെന്റർ ലക്ഷ്യമിടുന്നത്. വാർത്താ സമ്മേളനത്തിൽ കെ ഐ ആന്റണി, അഗസ്റ്റിൻ വട്ടക്കുന്നേൽ, റെജി കുന്നംകോട്ട്‌,ജിമ്മി മറ്റത്തിപ്പാറ, ജയകൃഷ്ണൻ പുതിയേടത്ത് എന്നിവർ പങ്കെടുത്തു.