ചെറുതോണി: മുരിക്കാശ്ശേരിക്ക് സമീപം വാത്തിക്കുടിയിൽ പാറമണലുമായി വന്ന ടിപ്പർ ലോറി കെട്ടിടം തകർത്തുകൊണ്ട് കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തിൽ നിസാരപരിക്കേറ്റ ഡ്രൈവർ ഷമീറിന് മുരിക്കാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ഏഴരയോടെയാണ് വാത്തിക്കുടി ടൗണിനു സമീപം ടിപ്പർ അപകടത്തിൽപ്പെട്ടത്. തോപ്രാംകുടി ഭാഗത്തുനിന്നും പാറമണലുമായി വന്ന ലോറി ടൗണിനു സമീപം നിയന്ത്രണംവിട്ട് കെട്ടിടത്തിൽ ഇടിച്ച് കൊക്കയിലേക്ക് മറിയുകയായിരുന്നു. വാഹനത്തിൽ ഡ്രൈവർ മാത്രമെ ഉണ്ടായിരുന്നുള്ളു. ആദ്യ മറിച്ചിലിൽ തന്നെ ഡ്രൈവർ വാഹനത്തിൽ നിന്നും പുറത്തേക്ക് തെറിച്ചുപോയിരുന്നു. ചാടക്കടപ്രവർത്തിച്ചിരുന്ന കെട്ടിടം ആറ് മാസമായി പൂട്ടിയിട്ടിരിക്കയായിരുന്നു. കെട്ടിടത്തിൽ ആളില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ചെങ്കുത്തായ ഇറക്കങ്ങലും വളവുകളും നിറഞ്ഞ് ഇവിടെ ഇതിനുമുമ്പും നിരവധി അപകടങ്ങൾ ഉണ്ടായിട്ടുള്ളതായി നാട്ടുകാർ പറഞ്ഞു.