തൊടുപുഴ: ലീഗൽ മെട്രോളജി വകുപ്പ് ക്രിസ്മസ് സീസണിൽ ജില്ലയിലെ വ്യാപാരസ്ഥാപനങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിൽ 33 നിയമലംഘനങ്ങളിലായി 1, 10,000 രൂപ പിഴ ഈടാക്കി. വിവിധ താലൂക്കുകളിലെ 132 വ്യാപാരസ്ഥാപനങ്ങളിൽ ഡിസംബർ 20 മുതൽ 24 വരെയായിരുന്നു പരിശോധന. അളവുതൂക്ക ഉപകരണങ്ങൾ യഥാസമയം മുദ്ര പതിപ്പിക്കാതെ ഉപയോഗിച്ചതിന് 17 കേസുകളെടുത്തു. മത്സ്യ മാംസ വ്യാപാരസ്ഥാപനങ്ങളും ഇതിൽപ്പെടും. 15 കേസിൽ നിന്നായി 28,000 രൂപ പിഴ ഈടാക്കി. രണ്ടു കേസുകൾ നടപടിക്രമങ്ങളിലാണ്. പാക്കേജസ് കമ്മോഡിറ്റീസ് ആക്ട് പ്രകാരമുള്ള പ്രഖ്യാപനങ്ങൾ രേഖപ്പെടുത്താത്ത പായ്ക്കറ്റുകളിൽ ക്രിസ്മസ് കേക്കുകളും മറ്റ് ഭക്ഷ്യസാധനങ്ങളും വിൽപനക്ക് വെച്ചതിന് 12 കേസുകളെടുത്തു. ബേക്കറികളിലും ക്രിസ്മസ് ബസാറുകളിലും നിയമലംഘനം കണ്ടെത്തിയിരുന്നു. ഒമ്പതു കേസുകളിൽ നിന്നായി 62,000 രൂപ പിഴ ഈടാക്കി. മൂന്നു കേസുകളിൽ നിയമ നടപടി സ്വീകരിച്ചു വരുന്നു.
അളവിൽ വെട്ടിപ്പ് നടത്തിയതിന് ഒരു കേസും എടുത്തു. 5000 രൂപ പിഴ ഈടാക്കി. നിയമാനുസൃത രജിസ്‌ട്രേഷൻ നടത്താത്തത് ഉൾപ്പെടെയുള്ള മറ്റു നിയമലംഘനങ്ങളിലായി മൂന്നു കേസുകളിൽ 15,000 രൂപ പിഴയും ഈടാക്കി.
ലീഗൽ മെട്രോളജി ഫ്ളയിങ് സ്‌ക്വാഡ് അസിസ്റ്റന്റ് കൺട്രോളർ ജെ സി ജീസൺ, സീനിയർ ഇൻസ്‌പെക്ടർ എൻ സുമതി, ഇൻസ്‌പെക്ടർമാരായ ബി ബിജി, എം എ അബ്ദുള്ള, എ കെ സജീബ്, ഇൻസ്‌പെക്ടിങ് അസിസ്ര്രന്റുമാരായ എൻ വി സുരേഷ്, സി എസ് സനിൽകുമാർ, യു അരുൺകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.