നെടുങ്കണ്ടം: കരുണാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ച പ്രതിയ്ക്ക് കോടതി പിഴയും തടവും വിധിച്ചു. മുൻ കരുണാപുരം പഞ്ചായത്ത് പ്രസിഡന്റ് ശിവപ്രസാദ് തണ്ണിപ്പാറയുടെ ഓഫിസിൽ
അതിക്രമിച്ച് കയറി കയ്യേറ്റം ചെയ്യാൻ ശ്രമിച്ച കേസിൽ നാല് പേരാണ് ഇന്ന് നെടുങ്കണ്ടം കോടതിയിൽ ഹാജരായത്. ഒന്നാം പ്രതി കൂട്ടാർ അറയ്ക്കൽ വീട്ടിൽ സുരേഷ് ബാബുവിനെയാണ് കോടതി കുറ്റകാരനാണെന്ന് കണ്ടതിനെ തുടർന്ന്
1000 രൂപ പിഴയും കോടതി പിരിയുന്നതൃവരെ തടവും നെടുകണ്ടം ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി ശിക്ഷിച്ചത്. മറ്റ് പ്രതികളായ അനിൽ, ഉണ്ണിക്യഷ്ണൻ, രാജേഷ് എന്നിവരെ വെറുതെ വിട്ടു. കേസിനാസ്പദമായ സംഭവം 2017 മേയ് 19 നാണ് നടന്നത്. ഹൈക്കോടതി നിർദേശത്തെ തുടർന്ന് പഞ്ചായത്തിനു മുന്നിലുണ്ടായിരുന്ന ടാക്സി സ്റ്റാൻഡ് പഞ്ചായത്ത് അധികൃതർ നീക്കം ചെയ്തിരുന്നു. ഇതിനെ തുടർന്നു സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം പഞ്ചായത്ത് ഓഫിസിൽ അതിക്രമിച്ച് കയറി പഞ്ചായത്ത് പ്രസിഡന്റായിരുന്ന ശിവപ്രസാദ് തണ്ണിപ്പാറയെ
കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും അസഭ്യ വർഷം നടത്തുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് ശിവപ്രസാദ് തണ്ണിപ്പാറ കമ്പംമെട്ട് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഈ പരാതിയെ തുടർന്നാണ് കോടതി ശിക്ഷ വിധിച്ചത്.