കരിമണ്ണൂർ: ഒറ്റയ്ക്ക് താമസിച്ചിരുന്ന കർഷകനെ വീട്ടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമെന്ന് സംശയം. പറമ്പുകാട്ടുമല ചേനപ്പാറ മാലി രാജു(50)വിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാജുവും ഒരു ബന്ധുവുമായി വഴക്കുണ്ടായതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നാട്ടിൽ നിന്ന് മുങ്ങിയ ഇയാളെ പൊലീസ് തിരയുന്നുണ്ട്. ചൊവ്വാഴ്ച വൈകിട്ട് നാലേമുക്കാലോടെയാണ് രാജു വീട്ടിൽ മരിച്ചു കിടക്കുന്നതായി കരിമണ്ണൂർ സ്‌റ്റേഷനിൽ നാട്ടുകാർ വിളിച്ചറിയിക്കുന്നത്. ഉടൻതന്നെ പോലീസ് സ്ഥലത്തേക്ക് എത്തിയെങ്കിലും വീട് മലയുടെ മുകളിലായതിനാൽ നടന്ന് കയറേണ്ടി വന്നു. ആറ് മണിയോടെയാണ് വീട്ടിലെത്തിയത്. അപ്പോഴേക്കും ഇരുളുപരന്ന് തുടങ്ങിയതിനാൽ ഇൻക്വസ്റ്റ് നടപടികൾ ബുധനാഴ്ചത്തേക്ക് മാറ്റി. വീടിന് പൊലീസ് കാവലും ഏർപ്പെടുത്തി. അടുത്ത ദിവസം പൊലീസ് പറഞ്ഞു. തൊടുപുഴ ഡിവൈ.എസ്.പി. കെ.പി.ജോസ്, കരിമണ്ണൂർ എസ്.ഐ. പി.ടി.ബിജോയ് എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.