തൃക്കരിപ്പൂർ: തൃക്കരിപ്പൂരിലെ ബീരിച്ചേരി നിവാസികളുടെ വാട്ട്സ്ആപ്പ് കൂട്ടായ്മയായ ലൈവ് ബീരിച്ചേരി സംഘടിപ്പിക്കുന്ന മൂന്നാമത് യു.എ.ഇ -ബീരിച്ചേരി സംഗമവും രണ്ടാമത് ബീരിച്ചേരി പ്രീമിയർ ലീഗ് ഫുട്ബാളും ദുബായിയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
യു എ .ഇ. ദേശീയ ദിനമായ ഇന്ന് കിസീസിലെ ദുബായ് സ്കോളർ പ്രൈവറ്റ് സ്കൂൾ ഗ്രൗണ്ടിൽ വെച്ചാണ് പരിപാടികൾ നടക്കുക. രാവിലെ 9 മുതൽ ആരംഭിക്കുന്ന പരിപാടിയിൽ യു.എ.ഇയുടെ വിവിധ എമിറേറ്റുകളിലുള്ള ബീരിച്ചേരി നിവാസികൾക്ക് പുറമെ നാട്ടിൽ നിന്നും മറ്റു വിദേശ രാജ്യങ്ങളിൽ നിന്നും ഉൾപ്പടെ ഏതാണ്ട് എഴുന്നൂറോളം പേർ സംഗമിക്കും.
നാട്ടിലുള്ള ആറോളം യുവ ടീമുകളെ അണിനിരത്തിയുള്ള സെവൻസ് പ്രീമിയർ ലീഗ് ഫുട്ബാൾ മത്സരവും ഒരുക്കിയിട്ടുണ്ട്. ഗോൾഡൻ സ്റ്റാറും ആക്മിയും തമ്മിലുള്ള വെറ്ററൻസ് സൗഹൃദ മത്സരവും ബംപർ നറുക്കെടുപ്പും ഉണ്ടാകും. വാർത്താസമ്മേളനത്തിൽ വി.പി.പി. ശുഹൈബ്, ഫായിസ് ബീരിച്ചേരി, അഡ്വ. കെ.പി. നാസർ, മർസൂഖ് റഹ്മാൻ, എ. ഷബിർ, എ.ജി. ഫായിസ് പങ്കെടുത്തു.