നീലേശ്വരം: കാഞ്ഞങ്ങാട് നഗരസഭയിൽ പെട്ട ചേടി റോഡ് മുതൽ അരയി പാലം വരെയുള്ള റോഡ് പൊട്ടിപ്പൊളിഞ്ഞ് യാത്ര ദുസ്സഹം. മിക്കയിടങ്ങളിലും റോഡ് തിരിച്ചറിയാനാകാത്തവിധം തകർന്നിരിക്കുകയാണ്. നഗരസഭയിലെ 20, 21, 22 വാർഡ് ഉൾക്കൊള്ളുന്ന റോഡാണിത്.
ഹയർ സെക്കൻഡറി സ്‌കൂൾ, പോസ്റ്റോഫീസ്, ബാങ്ക്, വില്ലേജ് ഓഫീസ് എന്നിവിടങ്ങളിലേക്ക് നിത്യേന നിരവധി യാത്രക്കാരാണ് ഇതുവഴി കടന്നുപോകുന്നത്. കൂടാതെ ജില്ലാ ആശുപത്രി വഴി കാഞ്ഞങ്ങാട്ടേക്ക് നിരവധി ബസുകളും ഇതുവഴി കടന്നു പോകുന്നുണ്ട്. ഗുരുവനത്ത് പുതുതായി തുടങ്ങിയ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിലേക്കുമുള്ള വാഹനങ്ങളും ഇതുവഴിയാണ് പോകുന്നത്.

റോഡ് പൊട്ടിപ്പൊളിഞ്ഞതോടെ ഇതുവഴി കടന്നുപോകുന്ന ഇരുചക്ര, മുച്ചക്ര വാഹനങ്ങളിൽ പോകുന്ന യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. മലയോര മേഖലയിൽ നിന്ന് ചായ്യോം-ബങ്കളം-ചേടി റോഡ്-അരയി പാലം വഴി ജില്ല ആശുപത്രിയിലേക്ക് എളുപ്പത്തിൽ എത്താൻ ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. റോഡ് പൊട്ടിപ്പൊളിഞ്ഞതിനാൽ ജില്ല ആശുപത്രിയിലേക്ക് രോഗികളെയും കൊണ്ടുപോകുന്ന വാഹനങ്ങൾ ഏറെ സമയം വൈകിയാണ് ആശുപത്രിയിൽ എത്തുന്നത്.

4 കിലോമീറ്റർ

ചേടി റോഡ് മുതൽ അരയി പാലം വരെയുള്ള നാലുകിലോമീറ്ററോളം ദൂരമുള്ള ഈ റോഡ് പൊട്ടിപ്പൊളിഞ്ഞിട്ട് വർഷങ്ങളായി. ഈ നഗരസഭ ഭരണസമിതിയുടെ കാലാവധി തീരാൻ മാസങ്ങൾ മാത്രം ബാക്കിയിരിക്കെ റോഡ് അറ്റകുറ്റപ്പണി എന്ന് നടക്കുമെന്നാണ് നാട്ടുകാർ ചോദിക്കുന്നത്.