കണ്ണൂർ: കണ്ണൂർ താലൂക്ക് ഓഫീസ് കോമ്പൗണ്ടിൽ നിറുത്തിയിട്ട കാറിൽ അസി. ലേബർ ഓഫീസറെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം പൊന്നാനിയിലെ അസി. ലേബർ ഓഫീസറും കണ്ണൂർ പള്ളിക്കുന്ന് ഗവ. ഹയർസെക്കൻഡറി സ്‌കൂളിനടുത്ത് താമസക്കാരനുമായ ഇ.വി. ശ്രീജിത്ത് (50) ആണ് മരിച്ചത്.
ഇന്നലെ രാവിലെ താലൂക്ക് ബസ് സ്റ്റോപ്പിൽ ബസ് കാത്തു നിൽക്കുന്നവരാണ് കാറിൽ ഒരാൾ അസാധാരണ നിലയിൽ ഇരിക്കുന്നത് കണ്ടത്. ഇവർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. കെ.എൽ 13 എ.സി 5850 എന്ന സ്വന്തം കാറിന്റെ മുൻസീറ്റിൽ ചെരിഞ്ഞു കിടക്കുന്ന നിലയിലായിരുന്നു ശ്രീജിത്തിന്റെ മൃതദേഹം.
പൊന്നാനിയിൽനിന്നും ആഴ്ചയിൽ ഒരിക്കലാണ് ശ്രീജിത്ത് കണ്ണൂരിലേക്ക് വരാറ്. കാർ ഇവിടെ നിറുത്തിയിട്ട ശേഷം ജോലിക്ക് പോകുകയാണ് പതിവ്.
മരണവിവരം പരന്നതോടെ താലൂക്ക് ഓഫീസ് കോമ്പൗണ്ട് ജനങ്ങളെ കൊണ്ട് നിറഞ്ഞു. പൊലീസ് വടം കെട്ടി ആളുകളെ നിയന്ത്രിച്ചാണ് പരിശോധനാ നടപടികൾ പൂർത്തിയാക്കിയത്. ടൗൺ സി.ഐ പ്രദീപൻ കണ്ണി പൊയിൽ, എസ്.ഐ ടി. ബാവിഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും വിരലടയാള വിദഗ്ദ്ധരും പരിശോധന നടത്തി. തുടർന്ന് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്ത് പോസ്റ്റ്മോർട്ടത്തിനായി കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി.
പരേതരായ ക്രൈംബ്രാഞ്ച് ഓഫീസർ ദാമോദരൻ നമ്പ്യാരുടെയും ഇടക്കേപുറം സ്‌കൂളിലെ അദ്ധ്യാപികയായിരുന്ന ഉഷയുടെയും മകനാണ്. ഭാര്യ: ബിന്ദു (നഴ്സ്, ഷാർജ). മക്കൾ: ഡോ. ബോബിഷ, ഹർഷ, പ്ലസ് വൺ വിദ്യാർത്ഥിനി (തൃശൂർ). ശ്രീജിത്തിന്റെ സഹോദരനായ ശ്രീരാജ് വർഷങ്ങൾക്ക് മുമ്പ് ട്രെയിൻതട്ടി മരിച്ചിരുന്നു. ഇതിനു പിന്നാലെ മറ്റൊരു സഹോദരൻ ശ്രീനാഥ് ആത്മഹത്യ ചെയ്തതായും ബന്ധുക്കൾ പറഞ്ഞു.