കാഞ്ഞങ്ങാട്: കനത്ത മഴയിലും ചോരാതെ, ഒഴുകിപ്പോകാതെ അലയടിച്ച ജനസഞ്ചയത്തിന്റെ ആവേശജ്വാലയിൽ കലോത്സവത്തിന് കൊടിയിറക്കം.
നാലുനാളുകൾക്ക് ശേഷം കലോത്സവത്തിന് തിരശ്ശീല വീണെങ്കിലും കാഞ്ഞങ്ങാടിന്റെ സ്‌നേഹവും കരുതലും ആതിഥേയത്വത്തിന്റെ നല്ല ഓർമകളും എന്നും മനസിലുണ്ടാകുമെന്ന് പാലക്കാട്ടു നിന്നു വന്ന മത്സരാർത്ഥികളും അദ്ധ്യാപകരും. പാലക്കാട് ജില്ലയിലെ ഗുരുകുലം ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് കാഞ്ഞങ്ങാടെത്തിയ വിദ്യാർത്ഥികളും അധ്യാപകരുമടക്കം അതിയാമ്പൂരിൽ താമസമാക്കിയ 250 പേരടങ്ങുന്ന സംഘമാണ് ആതിഥേയർക്ക് ആദരം ഏർപ്പെടുത്തി സ്‌നേഹം പകർന്നത്.
ആതിഥേയത്വം ആവോളം ആസ്വദിച്ച അതിഥികൾക്ക് ഈ നാട്ടുകാരെ ആദരിക്കണമെന്ന് ഒരു ആഗ്രഹം. ഇതറിഞ്ഞ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് തിരക്കുകൾ മാറ്റിവെച്ച് പരിപാടിയിലേക്ക് ഓടിയെത്തി. ഗ്രാമീണതയുടെ നൈർമല്യം തുളുമ്പിയ ഈ ഉത്സവത്തെ ഗ്രാമീണ കലോത്സവമെന്ന് വിളിക്കാമെന്ന് മന്ത്രി. അതിഥികളുടെ ആഗ്രഹ പ്രകാരം വിദ്യാഭ്യാസ മന്ത്രി കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി.വി. രമേശനെ പൊന്നാട അണിയിച്ചു. പാർക്കോ ക്ലബ്ബ് അംഗങ്ങൾക്ക് മൊമെന്റോ സമ്മാനിച്ചു. പരിപാടിയിൽ സ്‌കൂൾ പ്രിൻസിപ്പൾ ഡോ. വിജയൻ വി. ആനന്ദ്, പാർക്കോ ക്ലബ്ബ് രക്ഷാധികാരി വേണു നമ്പ്യാർ, സെക്രട്ടറി സാലു, പി.ടി.എ പ്രസിഡന്റ് വി.ശ്രീനിവാസൻ, വൈസ് പ്രസിഡന്റ് സാബിർ അസീസ്, ടീം മാനേജർ കെ. ബാലസുബ്രഹ്മണ്യൻ തുടങ്ങിയവർ പങ്കെടുത്തു.
പഠിച്ചത് സ്‌നേഹത്തിന്റെ പുതിയ പാഠങ്ങൾ
സ്‌നേഹത്തിന്റെ പുതിയ പാഠങ്ങൾ പഠിച്ചാണ് ഞങ്ങൾ ഈ മണ്ണിൽ നിന്ന് യാത്രയാകുന്നതെന്ന് അധ്യാപകർ. കാഞ്ഞങ്ങാട് കലോത്സവത്തിനായി വണ്ടി കയറുമ്പോൾ മനസ്സിലുണ്ടായ ചിത്രം പാടെ മാറ്റിമറിച്ചത് ഇവിടത്തെ നാട്ടുകാരാണ്. ഇവിടെ ആർക്കും തിരക്കുകളില്ല. വഴി അന്വേഷിച്ചാൽ എത്തേണ്ടിടത്ത് കൊണ്ടുവിടുന്നവർ. റെയിൽവേ സ്റ്റേഷനിൽ കൊണ്ടുവിട്ട് ചായ വാങ്ങിത്തന്ന് ട്രെയിൻ കയറ്റി യാത്രയാക്കുന്നവർ. എങ്ങും കാണാത്ത മാനവീക മൂല്യങ്ങൾ ഉയർത്തി പിടിക്കുന്ന കുറേ മനുഷ്യർ. ഒരിക്കലും മറക്കാൻ കഴിയാത്ത വിധം ഈ നാട് ഞങ്ങളെ ചേർത്തു പിടിച്ചു. ആദ്യമായി കാസർകോട്ടെത്തിയ ഞങ്ങൾ മനസ് നിറഞ്ഞ് പിരിഞ്ഞുപോവുകയാണ്.
20 വർഷത്തെ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഇതുവരെ അറിയാത്ത അനുഭവമായിരുന്നു ഇത്തവണത്തേത്. ഇനിയൊരു അവസരം വന്നാൽ യാതൊരു ആശങ്കയുമില്ലാതെ ഇവിടേക്ക് വണ്ടി കയറും.
പാലക്കാട് ഗുരുകുലം ഹയർ സെക്കൻഡറി സ്‌കൂൾ പ്രധാന അധ്യാപകൻ ഡോ. വിജയൻ വി ആനന്ദ്