അൾസർ എന്നു പറയുന്നത് വ്രണത്തെയാണ്. ആമാശയത്തെയും ചെറുകുടലിനെയും ബാധിക്കുന്ന വ്രണങ്ങളെ പെപ്റ്റിക് അൾസർ എന്ന് പൊതുവെ പറയുമെങ്കിലും ആമാശയ വ്രണങ്ങൾക്ക് ഗ്യാസ്ട്രിക് അൾസർ എന്നും ചെറുകുടലിന്റെ ആദ്യഭാഗമായ ഡുവാഡിനത്തിൽ ഉണ്ടാകുന്ന അൾസറിനെ ഡുവാഡിനൽ അൾസർ എന്നും വിളിക്കുന്നു.
സമയക്രമം തെറ്റിയുള്ള ഭക്ഷണശീലം, അധികമായി എരിവും പുളിയും ഉപയോഗിക്കുക, പുകവലി, മദ്യപാനം ഇവയൊക്കെ ഈ രോഗത്തിന്റെ കാരണങ്ങളാണ്. മാനസിക സമ്മർദ്ദം, ഉത്കണ്ഠ, കോപം ഇവയും രോഗത്തിന് കാരണമാകാം. പാരമ്പര്യം മറ്റൊരു പ്രധാന കാരണമായി പറയുന്നു. ചിലതരം മരുന്നുകളും അൾസറുണ്ടാക്കും.
പൊതുവെയുള്ള രോഗലക്ഷണം വയറിലെ ശക്തമായ വേദനയാണ്. വേദന നെഞ്ചിലേക്കും പുറത്തേക്കും വ്യാപിക്കുന്നത് പോലെ തോന്നാം. ഓക്കാനം, ഛർദ്ദി, പുളിച്ചുതികട്ടൽ, നെഞ്ചെരിച്ചിൽ മുതലായവ ഉണ്ടായിരിക്കും. ആമാശയത്തിലെ വ്രണമാണെങ്കിൽ ആഹാരം കഴിഞ്ഞ ഉടനെയും ചെറുകുടലിലാണെങ്കിൽ വിശന്നിരിക്കുമ്പോഴും വേദന അനുഭവപ്പെടുന്നു. കുടൽവ്രണക്കാർ ലഘുവായ ആഹാരം കൂടെകൂടെ കഴിച്ചാൽ അല്പം ആശ്വാസം ലഭിക്കും. അതേസമയം ആമാശയവ്രണക്കാർക്ക് വയറൊഴിച്ചിടുമ്പോഴും ആശ്വാസം തോന്നാം. പ്രാരംഭത്തിൽ വിശപ്പില്ലായ്മയും ദഹനക്കുറവുമാണ് അനുഭവപ്പെടുക. രക്തം ഛർദ്ദിക്കുന്നത് മിക്കപ്പോഴും ആമാശയവ്രണത്തെയാണ് സൂചിപ്പിക്കുക.
പെപ്‌സിൻ മുതലായ ദഹനരസങ്ങൾക്കു പുറമെ ദഹനത്തിന് സഹായകമായ ചില ആസിഡുകളും ആമാശയത്തിൽ ഉല്പാദിപ്പിക്കാറുണ്ട്. ഇവയുടെ സന്തുലിതാവസ്ഥ തെറ്റുമ്പോൾ ആസിഡുകൾ ആമാശയത്തിലും കുടലിലും കടന്നാക്രമണം നടത്തുന്നതാണ് വ്രണങ്ങൾക്ക് കാരണം. കോപം, ഉത്കണ്ഠ, ടെൻഷൻ മുതലായവ ഈ അസന്തുലിതാവസ്ഥ സൃഷ്ടിച്ചേക്കാം. കാപ്പി, ചായ, ലഹരിപദാർത്ഥങ്ങൾ അമിതമായി ഉപയോഗിക്കുന്നതും ദോഷകരമായി പറയുന്നു. വേദനസംഹാരികൾ അമിതമായി ഉപയോഗിക്കുന്നതും ഗുണകരമല്ല. പാരമ്പര്യമായി രോഗസാദ്ധ്യതയുള്ളവർ പ്രത്യേകം ശ്രദ്ധിക്കണം. കൃത്യമായി മരുന്നുകൾ കഴിക്കുകയാണെങ്കിൽ ഹോമിയോപ്പതിയിലൂടെ അൾസർ പ്രശ്‌നങ്ങൾ മാറ്റിയെടുക്കാം.