തൃക്കരിപ്പൂർ: തൃക്കരിപ്പൂർ ശ്രീരാമവില്യം കഴകം പാട്ടുത്സവത്തിന് തുടക്കം കുറിച്ചു കൊണ്ടുള്ള ഓലയും കുലയും കൊത്തൽ ചടങ്ങ് നടന്നു. ക്ഷേത്രം ജന്മാവകാശി ബാബു ജ്യോത്സ്യർ ശുഭാശുഭലക്ഷണങ്ങൾ ഗണിച്ച് ഫലം പ്രവചിച്ചു. ക്ഷേത്രം സ്ഥാനികർ, സമുദായിക്കാർ, കൂട്ടായ്ക്കാർ, ഭാരവാഹികൾ എന്നിവരും ഉപക്ഷേത്രങ്ങളായ ഒളവറ മുണ്ട്യ, കൂലേരി മുണ്ട്യ, കുറുവാപ്പള്ളി അറ, തടിയൻ കൊവ്വൽ മുണ്ട്യ,പടന്ന മുണ്ട്യ എന്നീ ദേവസ്ഥാനങ്ങളിലെ സ്ഥാനികരും ഭാരവാഹികളും ചടങ്ങിൽ സംബന്ധിച്ചു.

10 മുതൽ 17 വരെയാണ് പാട്ടുത്സവം. ഉദിനൂർ ക്ഷേത്രപാലക ക്ഷേത്രം, തങ്കയം ചക്രപാണി ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നുള്ള ദീപവും തിരിയും എഴുന്നള്ളത്തോടെ ഉത്സവത്തിന് തിരിതെളിയും.13 ന് കാവില്യാട്ട് കാവിലേക്കുള്ള എഴുന്നള്ളത്താണ് പ്രധാന ചടങ്ങ്. രാത്രി നാടോടി നൃത്തം, സ്വാമി അയ്യപ്പൻ നൃത്താവിഷ്കാരം തുടങ്ങിയ കലാപരിപാടികളുമുണ്ട്. 15 ന് ഘോഷയാത്ര.16 ന് കുറുവാപ്പള്ളി അറ വനിതാ കമ്മിറ്റി, ഒളവറ മുണ്ട്യ വനിതാ കമ്മിറ്റി എന്നിവരുടെ നേതൃത്വത്തിൽ നാടൻപാട്ട്, നൃത്തം, തിരുവാതിര തുടങ്ങിയവ അരങ്ങേറും.17 ന് വൈകീട്ട് മൂന്നിന് നടക്കുന്ന തേങ്ങയേറ്, കളത്തിലരി എന്നിവയോടെ പാട്ടുത്സവം സമാപിക്കും.