കൂത്തുപറമ്പ്: അഞ്ചരക്കണ്ടി കൂത്തുപറമ്പ് റൂട്ടിൽ സ്വകാര്യ ബസ് ജീവനക്കാർ നടത്തുന്ന അനിശ്ച്ചിതകാല സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. വെള്ളപ്പന്തൽ മുതൽ വണ്ണാന്റെമെട്ടയുള്ള അഞ്ച് കിലോമീറ്ററോളം വരുന്ന റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ചാണ് സ്വകാര്യ ബസുകൾ സർവീസ് നിർത്തിവച്ചിട്ടുള്ളത്. നവമ്പർ 30നകം റോഡ് നവീകരണം പൂർത്തിയാക്കുമെന്ന പി.ഡബ്ല്യു.ഡി. അധികൃതരുടെ ഉറപ്പ് പാഴായതായതാണ് അനിശ്ചിത കാല പണിമുടക്കിലേക്ക് നയിച്ചത്. കപ്പാറ മുതൽ വണ്ണാന്റെ മെട്ട വരെയുള്ള എട്ട് കിലോമീറ്ററോളം വരുന്ന റോഡ് മെക്കാഡം ടാറിംഗ് ചെയ്ത് നവീകരിക്കാൻ രണ്ട് വർഷം മുൻപ് സർക്കാർ ഫണ്ട് അനുവദിച്ചിരുന്നു. എന്നാൽ കപ്പാറ മുതൽ വെള്ളപ്പന്തൽ വരെയുള്ള ഭാഗത്തെ നവീകരണം മാത്രമെ ഇതുവരെ പൂർത്തിയായിട്ടുള്ളു. അവശേഷിക്കുന്ന ഭാഗത്തെ റോഡ് മുഴുവൻ തകർന്ന നിലയിലാണുള്ളത്. റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ചു കൊണ്ട് നേരത്തെ സ്വകാര്യ ബസ്സ് ജീവനക്കാർ സൂചനാ പണിമുടക്ക് നടത്തിയിരുന്നു.റോഡിൽ നിന്നുള്ള പൊടിശല്യംകൂടിയതോടെ കടയടപ്പ് സമരവുമായി വ്യാപാരികളും രംഗത്ത് എത്തിയിരുന്നു.സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചതോടെ ദുരിതത്തിലായിരിക്കയാണ് പ്രദേശത്തെ ജനങ്ങൾ.പാതിരിയാട്, വാളാങ്കിച്ചാൽ, മുണ്ടമെട്ട ഭാഗങ്ങളിലെ യാത്രക്കാരാണ് ഏറെ ദുരിതം അനുഭവിക്കുന്നത്.വെള്ളപ്പന്തൽ വണ്ണാന്റെ മെട്ട റോഡ് ടാറിംഗ് ചെയ്ത് നവീകരിക്കാനുള്ള നടപടികൾ അടിയന്തിരമായി ഉണ്ടാകണമെന്ന ആവശ്യം ശക്തമായിരിക്കയാണ്.