കൂത്തുപറമ്പ്:വിസയുടെ കാലാവധി കഴിയാറായിട്ടും നാട്ടിലെത്താൻ പണമില്ലാതെ വലയുകയാണ് ഓസ്ട്രിയക്കാരനായ മാൻഫ്രഡ് ഷെറിംഗർ.12 വർഷത്തോളമായി കൂത്തുപറമ്പിനടുത്ത ആയിത്തറ മമ്പറത്ത് താമസിക്കുന്ന മാൻഫ്രെഡിന് ഈ മാസം 22 വരെയെ ഇന്ത്യയിൽ കഴിയാൻ നിയമം അനുവദിക്കുന്നുള്ളു.ഓസ്ട്രിയയിലെ ഓഫ്സ്റ്റർ ബർഗ് പ്രവശ്യക്കാരനായ മാൻഫ്രഡ് ഷെറിംഗർ തബലയിൽ ഗവേഷണം നടത്തുന്നതിന് വേണ്ടിയാണ് ഒരു വ്യാഴവട്ടക്കാലം മുൻപ് ഇന്ത്യയിലെത്തിയത്. ഗുജറാത്ത്, മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കറങ്ങിയ ശേഷമായിരുന്നു കേരളത്തലേക്കുള്ള വരവ്.

ഇവിടുത്തെ ഭൂപ്രകൃതിയും, കാലവസ്ഥയും,സംസ്‌കാരവും ഏറെ ഇഷ്ടപ്പെട്ട മാൻഫ്രഡ് പിന്നീട് കേരളത്തിൽ തന്നെ തങ്ങാൻ തീരുമാനിക്കുകയായിരുന്നു. ഇതിനിടയിൽ കൂത്തുപറമ്പിനടുത്ത ആയിത്തറ മമ്പറം സ്വദേശിയെ വിവാഹം ചെയ്ത മാൻഫ്രഡ് 12 വർഷത്തോളമായി ആയിത്തറ മമ്പറത്താണ് താമസം.ശാരീരിക പ്രയാസങ്ങൾ നേരിടുന്ന മാൻഫ്രഡിന് ഇനിയുള്ള കാലം സ്വദേശമായ ഓസ്ട്രിയയിൽ സ്ഥിരതാമസമാക്കണമെന്നാണ് ആഗ്രഹം.എന്നാൽ വർഷങ്ങളായി പ്രത്യേകിച്ച് ജോലിയോ വരുമാനമോ ഇല്ലാതിരുന്ന ഷെറിംഗറിന് നാട്ടലേക്കുള്ള വിമാനക്കൂലി കണ്ടെത്താൻ സാധിക്കാത്ത സ്ഥിതിയാണുള്ളത്.ഇതിനിടയിൽ വിവാഹബന്ധം വേർപ്പെടുത്തിയതും ഈ ഓസ്ട്രിയക്കാരന് തിരിച്ചടിയായി. ഇപ്പോഴും ഓസ്ട്രിയൻ പൗരത്വം നിലനിർത്തുന്ന മാൻഫ്രഡിന് ഈ മാസം 22 വരെ മാത്രമെ ഇന്ത്യയിൽ തങ്ങാനുള്ള വിസയുള്ളു. ഇതിനിടയിൽ വിസ പുതുക്കുകയോ, വിമാനം കയറുകയോ ചെയ്തില്ലെങ്കിൽ നിയമത്തിന്റെ കുരുക്കിൽപ്പെടുകയായിരിക്കും ഫലം.

സ്വദേശത്തേക്ക് പോകുന്നതിന് ഇന്ത്യയിലെ ഓസ്ട്രിയൻ എംബസിയുമായി പലതവണ ബന്ധപ്പെട്ടെങ്കിലും നടപടികളൊന്നും ഉണ്ടയില്ല. സന്മനസുള്ളവരാരെങ്കിലും കനിഞ്ഞാൽ ഈ മാസം 22 ന് മുൻപ് സ്വദേശത്തേക്ക് പറക്കാൻ സാധിക്കുമെന്ന വിശ്വാസത്തിലാണ് ഈ ഓസ്ട്രിയക്കാരൻ.