കാഞ്ഞങ്ങാട്: ഭാര്യയെ വിറകുകൊള്ളി കൊണ്ട് തലയ്‌ക്കടിച്ച് കൊന്ന ആട്ടോഡ്രൈവർ അറസ്റ്റിൽ. അമ്പലത്തറ കാഞ്ഞിരടുക്കത്തെ കല്യാണിയാണ് (50) മരിച്ചത്. കൊലപാതകത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച കല്ല്യാണിയുടെ ഭർത്താവ് ഗോപാലകൃഷ്ണനെ (60) നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടി. അക്രമം തടയാൻ ശ്രമിച്ച മകൾ ശരണ്യയ്ക്കും (25) ഗുരുതരമായി പരിക്കേറ്റു. ഇവർ മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ വൈകിട്ട് നാലിനായിരുന്നു സംഭവം. കുടുംബ പ്രശ്‌നത്തെ തുടർന്നുള്ള വഴക്ക് കൊലപാതകത്തിൽ കലാശിച്ചെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഗോപാലകൃഷ്ണൻ ആക്രമിച്ചപ്പോൾ കല്ല്യാണി വീടിന് പുറത്തുള്ള റോഡിലേക്ക് ഇറങ്ങി ഓടിയിരുന്നു. എന്നാൽ പിന്നാലെയെത്തിയ ഗോപാലകൃഷ്ണൻ കല്യാണിയുടെ തലയ്ക്കടിച്ച് വീഴ്‌ത്തുകയായിരുന്നു. വീടിന് സമീപത്തെ റോഡരികിലാണ് മൃതദേഹം കിടന്നിരുന്നത്.
അമ്പലത്തറ എസ്.ഐ പ്രശാന്തിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. മറ്റുമക്കൾ : ശരത്ത്, ഉണ്ണിക്കൃഷ്ണൻ.