ശിക്ഷ വിധിച്ചത് 58
വെറുതെവിട്ടത് 142
റദ്ദാക്കിയത് 23
ഈവർഷം രജിസ്റ്റർ ചെയ്തത് 173
കാസർകോട്: ജില്ലയിൽ 2013 മുതൽ 2019 വരെ 513 പോക്‌സോ കേസുകൾ രജിസ്റ്റർ ചെയ്തു. 2019 ഒക്‌ടോബർ 31 വരെയുള്ള കണക്കാണിത്. രജിസ്റ്റർ ചെയ്ത 513 പോക്‌സോ കേസുകളിൽ 58 എണ്ണത്തിൽ ശിക്ഷ വിധിക്കുകയും 142 എണ്ണം വെറുതെവിടുകയും 23 എണ്ണം റദ്ദാക്കുകയും 20 എണ്ണം മറ്റുരീതിയിൽ തീർപ്പാക്കുകയും ചെയ്തു. അവശേഷിക്കുന്ന കേസുകളിൽ തുടർ നടപടികൾ നടന്നുകൊണ്ടിരിക്കുകയാണ്.
2018 ലാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്. ജില്ലാ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ കണക്കുകൾ പ്രകാരം കുട്ടിൾക്കെതിരായ അതിക്രമങ്ങളായി ഈ വർഷം 173 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ 131 പോക്‌സോകേസുകളും ഉൾപ്പെടുന്നു. ബാലനീതി നിയമവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിവിധ ഏജൻസികളുടെ ഏകോപനം സാധ്യമാക്കുന്നതിന് വേണ്ടി ജില്ലാജഡ്ജി അജിത്ത്കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാജുവനൈൽ ജസ്റ്റീസ് കമ്മിറ്റിയുടെ യോഗത്തിലാണ് ഈ കണക്കുകൾ വിലയിരുത്തിയത്.
പോക്‌സോ അതിജീവിതരായ കുട്ടികളുടെ മെഡിക്കൽ പരിശോധന മാനുഷിക പരിഗണനയിൽ ചെയ്യാൻ ജില്ലാമെഡിക്കൽ ഓഫീസർക്ക് ജില്ലാജഡ്ജ് നിർദേശം നൽകി. ജില്ലയിലെ എല്ലാ സ്‌കൂളുകളിലും കൗൺസിലർമാരെ നിയമിക്കാൻ വിദ്യാഭ്യാസവകുപ്പിന് നിർദേശം നൽകാനും യോഗം തീരുമാനിച്ചു.