കൂത്തുപറമ്പ്: മമ്പറം പറമ്പായിയിലെ സ്വകാര്യ ബസ് ഡ്രൈവർ നിഷാദിന്റെ തിരോധാന കേസിൽ നുണപരിശോധനയ്ക്ക് തയാറല്ലെന്ന് കാണിച്ച് കേസിൽ പ്രതി ചേർക്കപ്പെട്ട ബംഗളൂരു സ്ഫോടന കേസിലെ പ്രതി മമ്പറം പറമ്പായിയിലെ പി.എ.സലിം (41) കൂത്തുപറമ്പ് ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ സത്യവാങ്മൂലം നൽകി.
കേസിൽ അറസ്റ്റിലായപ്പോൾ പൊലീസിന്റെ ക്രൂര മർദ്ദനത്തിന് ഇരയായ താൻ ഇപ്പോഴും ചികിത്സയിലാണെന്നും ശാരീരിക അവശത നേരിടുന്നതിനാൽ നുണപരിശോധനയ്ക്ക് അനുമതി തേടി ക്രൈംബ്രാഞ്ച് വിഭാഗം നൽകിയ അപേക്ഷ തള്ളണമെന്നുമാണ് സത്യവാങ്മൂലത്തിൽ ആവശ്യപ്പെടുന്നത്. സലിം ഇപ്പോൾ ബംഗളൂരു സ്ഫോടന കേസിൽ റിമാൻഡിൽ കഴിയുന്നതിനാൽ ബംഗളൂരു ജയിൽ അസിസ്റ്റന്റ് സൂപ്രണ്ട് മുമ്പാകെ ഒപ്പിട്ട് അയച്ചതായ സത്യവാങ്മൂലം ഇയാളുടെ അഭിഭാഷകൻ എ.കെ.സിറാജുദ്ദീൻ ആണ് കോടതിയിൽ ഫയൽ ചെയ്തത്.
ഏഴു വർഷത്തോളം നീണ്ട നിഷാദ് തിരോധാന കേസ് എങ്ങുമെത്താത്ത സാഹചര്യത്തിലാണ് പ്രതിയെ നുണപരിശോധനയ്ക്ക് വിധേയമാക്കാനുള്ള അനുമതി തേടി ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇൻസ്പെക്ടർ ബി.സിനുകുമാർ കൂത്തുപറമ്പ് ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹർജി നൽകിയത്. ഇരുഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് ഇതുസംബന്ധിച്ച് പ്രതിയായ സലിമിന്റെ സത്യവാങ്മൂലം ഫയൽ ചെയ്യാൻ കോടതി നിർദേശിച്ചത്.
2018 ഡിസംബറിലായിരുന്നു സലീം ബംഗളൂരു സ്ഫോടന കേസിൽ അറസ്റ്റിലായത്. ഈ കേസിൽ ചോദ്യം ചെയ്യുന്നതിനിടെയാണ് മമ്പറത്തെ നിഷാദിന്റെ തിരോധാനം കൊലപാതകമാണെന്ന് സലിം വെളിപ്പെടുത്തിയെന്ന് ബംഗളൂരു പൊലീസ് അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ക്രൈം ബ്രാഞ്ച് സംഘം നിഷാദ് തിരോധാന കേസിൽ കൊലപാതകക്കുറ്റം ഉൾപ്പെടുത്തി സലീമിനെ കസ്റ്റഡിയിൽ വാങ്ങി ദിവസങ്ങളോളം ചോദ്യം ചെയ്തിരുന്നു.