നമ്മുടെ തലയോട്ടിയിൽ കാണപ്പെടുന്ന വായു അറകളെയാണ് സൈനസുകളെന്ന് വിളിക്കുന്നത്. കണ്ണ്, മൂക്ക് എന്നിവയുമായി ബന്ധപ്പെട്ടാണ് സൈനസുകളുടെ സ്ഥാനം. സൈനസുകളിലെ ഉൾഭാഗത്തുള്ള കോശങ്ങൾക്ക് ഉണ്ടാകുന്ന അണുബാധയാണ് സൈനസൈറ്റിസ്.
ആയുർവേദത്തിൽ 'പീനസം' എന്നാണിതറിയപ്പെടുന്നത്. സൈനസ് അറകളിൽ ഉത്പാദിപ്പിക്കപ്പെടുന്ന സ്രവങ്ങൾ സാധാരണ മൂക്കിലെത്തുകയും അവിടെ നിന്നും പുറന്തള്ളപ്പെടുകയാണ് ചെയ്യുന്നത്. എന്നാൽ എന്തെങ്കിലും കാരണത്താൽ ഈ സ്വാഭാവിക പ്രക്രിയ നടക്കാതെ വന്നാൽ സ്രവങ്ങൾ സൈനസ് അറകളിൽ കെട്ടിക്കിടക്കുകയും സൈനസൈറ്റിസ് രോഗത്തിലേക്ക് നയിക്കുകയും ചെയ്യും.
കാലാവസ്ഥാ വ്യതിയാനങ്ങൾ, അന്തരീക്ഷ മലിനീകരണം, മേൽനിരയിലെ അണപ്പല്ലുകൾക്കുണ്ടാകുന്ന അണുബാധ, പോട്, ശ്വാസകോശ സംബന്ധമായ ചില രോഗങ്ങൾ എന്നിവയൊക്കെ സൈനസൈറ്റിസിന് ഇടയാക്കുന്നു.
സൈനസ് സ്ഥിതിചെയ്യുന്ന ഭാഗത്തോട് ചേർന്നുള്ള വേദന, മൂക്കടപ്പ്, തൊണ്ടയിലേക്ക് കഫം ഒഴുകിയിറങ്ങുക എന്നിവയാണ് സൈനസൈറ്റിസിന്റെ പ്രധാന ലക്ഷണങ്ങൾ. സൈനസിന്റെ സ്ഥാനങ്ങൾക്കനുസരിച്ച് വേദന മാറിവരാം. ശബ്ദം അടയുന്നതോടൊപ്പം മൂക്കിൽ ദശയുള്ളവരിൽ സ്ഥിരം മൂക്കടപ്പും വരും.
അണുബാധ തടയുക, സൈനസിൽനിന്ന് കഫത്തെ പുറത്തുകളയുക, ഇവക്കൊപ്പം പ്രതിരോധ നടപടികൾക്കും മുൻതൂക്കം നൽകിയാണ് ആയുർവേദത്തിൽ ചികിത്സ നിശ്ചയിക്കുന്നത്. രോഗത്തിന്റെ അവസ്ഥ അനുസരിച്ച് ചികിത്സ വ്യത്യസ്തമാകും. രോഗാരംഭത്തിൽ ചികിത്സ തേടുന്നതിലൂടെ രോഗത്തിന്റെ വ്യാപനം തടയാം. സ്വേദനം, നസ്യം എന്നിവയും നല്ല ഫലം തരും. ജീവിതരീതിയിൽ അനുയോജ്യമായ മാറ്റം വരുത്തുന്നതും ചികിത്സയുടെ ഭാഗമാണ്.
ഉഴുന്ന്, തൈര് എന്നിവ രോഗികൾ ഒഴിവാക്കുക. അതുപോലെ എ.സി, ഫാൻ അമിതമായി ഉപയോഗിക്കുക, തണുത്ത ഭക്ഷണങ്ങൾ കഴിക്കുക തുടങ്ങിയ ശീലങ്ങൾ പരമാവധി കുറക്കുക. ശുചിത്വം പാലിക്കുക. പുകവലി, രാസവസ്തുക്കളുടെ സമീപ്യം എന്നിവയും ഒഴിവാക്കണം.
ഡോ. ത്രിജിൽ കൃഷ്ണൻ ഇ.എം,
അസി. പ്രൊഫസർ,
PNNM ആയുർവേദ മെഡിക്കൽ കോളേജ്,
ചെറുതുരുത്തി, തൃശൂർ
ഫോൺ: 9809336870.