കാസർകോട്: ഹരിതകേരളം മിഷൻ മൂന്നാം വർഷത്തിലേക്ക് കടക്കുമ്പോൾ ഇതുവരെയുള്ള പ്രവർത്തനങ്ങൾക്ക് ചാലക ശക്തിയായി നിന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണെന്ന് ഹരിതകേരളം മിഷൻ എക്‌സിക്യൂട്ടീവ് വൈസ് ചെയർപേഴ്‌സൺ ഡോ. ടി.എൻ സീമ പറഞ്ഞു. ഹരിതകേരളം മിഷൻ ജില്ലയിൽ നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾ വിശകലനം ചെയ്യുന്നതിനും കൂടുതൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനുമായി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലയിലെ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
കഴിഞ്ഞ രണ്ടുവർഷത്തിനിടെ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ജില്ലയിൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. സമഗ്ര ശുചിത്വ മാലിന്യസംസ്‌കരണ ഉപാധികൾ മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങിലും ഉറപ്പുവരുത്തിയും ഹരിതനിയമാവലി സർക്കാർ, സർക്കാരിതര ചടങ്ങുകളിൽ പ്രായോഗികമാക്കിയുമാണ് മിഷൻ മൂന്നാം വർഷത്തിലേക്ക് കടക്കുന്നത്. വിവാഹചടങ്ങുകൾക്ക് ഗ്രീൻ പ്രോട്ടാക്കോൾ നിർബന്ധമാക്കിയ തൃക്കരിപ്പൂർ പഞ്ചായത്തും തരിശുരഹിത പഞ്ചായത്ത് ആയി മാറുന്ന മടിക്കൈ, ബേഡഡുക്ക പഞ്ചായത്തുകളും എടുത്തു പറയേണ്ട മാതൃകകളാണെന്നും അവർ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീർ അധ്യക്ഷനായി. ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു മുഖ്യപ്രഭാഷണം നടത്തി. ഹരിത കേരള മിഷൻ ജില്ല കോ ഓഡിനേറ്റർ എം.പി സുബ്രഹ്മണ്യൻ, ഹരിതകേരളം മിഷൻ സ്റ്റേറ്റ് കൺസൾട്ടന്റ് വി.വി ഹരിപ്രിയ ദേവി, കാസർകോട് വികസന പാക്കേജ് സ്‌പെഷ്യൽ ഓഫീസർ ഇ.പി രാജ് മോഹൻ, കാഞ്ഞങ്ങാട് നഗരസഭാ ചെയർമാൻ വി.വി രമേശൻ, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പഞ്ചായത്ത് കെ.കെ റെജി കുമാർ, മൈനർ ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ഡി. രാജൻ, പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ മധു ജോർജ് മത്തായി, പി.വി അനിൽ, കെ. അശ്വിനി എന്നിവർ സംസാരിച്ചു.