കാസർകോട്: നാലുവയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. കരിവേടകം നെച്ചിപ്പടുപ്പ് ശങ്കരംപാടിയിലെ വി.എസ് രവീന്ദ്രനെ (46) യാണ് ജില്ലാ അഡീഷണൽ സെഷൻസ് (ഒന്ന്) കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പ്രതിക്കുള്ള ശിക്ഷ കോടതി നാളെ പ്രഖ്യാപിക്കും.
2018 ഒക്‌ടോബർ 9 നാണ് കേസിനാസ്പദമായ സംഭവം. വാടക ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന ദളിത് കുടുംബത്തിൽപ്പെട്ട ബാലിക പ്രതിയുടെ വീട്ടിൽ കളിക്കാനെത്തിപ്പോഴാണ് പീഡനത്തിനിരയായത്. പോക്‌സോ നിയമം നിലവിൽ വന്നതിന് ശേഷം 2018 ഏപ്രിൽ 21ന് ഭേദഗതി ചെയ്ത 376 എ.ബി വകുപ്പുകൾ പ്രകാരം കുറ്റക്കാരനാണെന്ന് കണ്ടെത്തുന്ന സംസ്ഥാനത്തെ ആദ്യത്തെ കേസാണിത്. സ്‌പെഷൽ മൊബൈൽ സ്‌ക്വാഡ് ഡി.വൈ.എസ്.പി ഹരിശ്ചന്ദ്ര നായികാണ് ഈ കേസിൽ അന്വേഷണം പൂർത്തിയാക്കിയ ശേഷം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രകാശ് അമ്മണ്ണായ ഹാജരായി.