നീലേശ്വരം: കാഞ്ഞങ്ങാട്ട് നടന്ന 60 -ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ജില്ലയിലെ പഞ്ചായത്ത് പ്രസിഡന്റുമാരെ തഴഞ്ഞതായി പരാതി. ഇതിൽ പ്രതിഷേധിച്ച് ഇന്നലെ ജില്ല പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീർ വിളിച്ചു ചേർത്ത യോഗം പഞ്ചായത്ത് പ്രസിഡന്റുമാർ ബഹിഷ്‌കരിച്ചു.
കലോത്സവം സർക്കാർ പരിപാടിയായതിനാൽ പഞ്ചായത്ത് പ്രസിഡന്റുമാരെ അറിയിക്കുകയും അവരെ സംഘാടക സമിതിയിൽ ഉൾപ്പെടുത്താറുമുണ്ടത്രെ. എന്നാൽ കാഞ്ഞങ്ങാട് നടന്ന കലോത്സവത്തിൽ പഞ്ചായത്ത് പ്രസിഡന്റുമാരെ ഒരു സബ് കമ്മിറ്റിയിൽ പോലും ഉൾപ്പെടുത്തിയില്ലെന്ന് ജില്ലയിലെ ഒരു ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പരിപാടി നടക്കുന്ന വിവരം ഒരു പഞ്ചായത്ത് പ്രസിഡന്റിനെയും ഔദ്യോഗികമായി അറിയിച്ചില്ലെന്നും ഇവർ പരാതിപ്പെട്ടു.
കലോത്സവം ഉദ്ഘാടനത്തിന് എത്തിയ പല പഞ്ചായത്ത് പ്രസിഡന്റുമാർക്കും കാണികളെ പോലെ നോക്കി നിൽക്കേണ്ടതായി വന്നുവത്രേ. പ്രധാന വേദിക്ക് താഴെയിരുന്ന പഞ്ചായത്ത് പ്രസിഡന്റുമാരെ ഇരുന്ന കസേരയിൽ നിന്ന് സംഘാടകർ എഴുന്നേൽപ്പിക്കുകയും ചെയ്തുവത്രെ.
ഇതു സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി, ജില്ല കളക്ടർ, .ജില്ല പഞ്ചായത്ത് പ്രസിഡന്റ് എന്നിവരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും അവരാരും അത് പരിഗണനയ്ക്കെടുത്തില്ലെന്നും കലോത്സവ സമാപനസമ്മേളനത്തിനെത്തിയ പഞ്ചായത്ത് പ്രസിഡന്റുമാർക്ക് കാണികളുടെ കൂടെ ഇരിക്കേണ്ടതായും വന്നതായും പറയുന്നു. സ്‌കൂളുകളുടെ ഭൗതിക സാഹചര്യം ഒരുക്കുന്നത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണെങ്കിലും ഇത്രയും വലിയ മാമാങ്കം നടന്നപ്പോൾ ജില്ലയിലെ പഞ്ചായത്ത് പ്രസിഡന്റുമാരെ അവഗണിച്ചത് ശരിയായില്ലെന്നും ഇവർ ഒന്നടങ്കം പറയുന്നു.