പിലിക്കോട്: കരപ്പാത്തെ ജനവാസ കേന്ദ്രത്തിൽ മൊബൈൽ ടവർ സ്ഥാപിക്കാനുള്ള സ്വകാര്യകമ്പനിയുടെ നീക്കത്തിനെതിരെ കടുത്ത പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. ടവറിനു കുഴിയെടുക്കാനുള്ള നീക്കം നാട്ടുകാർ തടഞ്ഞു.
പരിസ്ഥിതി ആഘാതം പഠിക്കാതെ ടവർ നിർമ്മിക്കരുതെന്ന ആവശ്യവുമായി ജില്ലാ കളക്ടർക്കുൾപ്പെടെ നാട്ടുകാർ പരാതി നൽകി കാത്തിരിക്കുന്നതിനിടയിലാണ് ടെലികോം കമ്പനി അധികൃതരുടെ പ്രകോപനം. ഇതിനെതിരെ പരിസ്ഥിതി സംഘടനകളുടെ പ്രതിരോധം തീർക്കുമെന്നും നാട്ടുകാർ പറഞ്ഞു.
ടവർ നിർമിക്കുന്നതിന് 200 മീറ്ററിനുളിൽ പിലിക്കോട് വേങ്ങക്കോട്ട് ക്ഷേത്രത്തിനു മുന്നിലെ കൂറ്റൻ അരയാലിന്റെ മുകളിൽ കൂടുകൂട്ടിയ വെള്ളവയറൻ കടൽപരുന്തിന്റെ കുടുംബത്തെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതി പ്രവർത്തകരും ചിത്രകാരന്മാരും പങ്കെടുക്കുന്ന കൂട്ടായ്മ നടത്താനും പ്രതിരോധ സമിതി തീരുമാനിച്ചിട്ടുണ്ട്.