കൂത്തുപറമ്പ്:മാങ്ങാട്ടിടം കരിയിലെ പുത്തൻപുരയിൽ രാജന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതിയെ കോടതി ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. രാജന്റെ മകനും കേസിലെ മുഖ്യപ്രതിയുമായ അനൂപിനെയാണ് കൂത്തുപറമ്പ് മജിസ്‌ട്രേട്ട് കോടതി ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ടത്.രാജന്റെ മരണം സംബന്ധിച്ച് കൂടുതൽ തെളിവുകൾ ശേഖരിക്കണമെന്ന ക്രൈംബ്രാഞ്ചിന്റെ ഹർജിയെ തുടർന്നാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്.
ക്രൈംബ്രാഞ്ച് സി.ഐ.സുനുകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം നൽകിയ ഹർജിയിയിലാണ് കോടതി നടപടി. 2017 ഫെബ്രുവരി 22നാണ് മാങ്ങാട്ടിടം പഞ്ചായത്ത് ഓഫീസിന് സമീപത്തെ പുത്തൻപുരയിൽ രാജനെ വീടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്.പരിയാരം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ മരണകാരണം കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു.തുടർന്ന് പൊലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് അനുപിന്റെ പങ്ക് വെളിപ്പെട്ടത്.