കണ്ണൂർ: ദേശീയ വനിതാ ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ രണ്ടാം ദിനവും കേരളത്തിന്റെ മുന്നേറ്റം. 69 കിലോ വിഭാഗത്തിൽ കെ.എ. ഇന്ദ്രജ, 51 കിലോ വിഭാഗത്തിൽ നിസ്സി ലെയ്‌സി തമ്പി, 75 കിലോ വിഭാഗത്തിൽ ശീതൾ ഷാജി, 57 കിലോ വിഭാഗത്തിൽ ദിവ്യ ഗണേഷ് എന്നിവർ രണ്ടാം റൗണ്ടിൽ കടന്നു. കെ.എ. ഇന്ദ്രജ അസമിന്റെ ഗിത്‌മോണി ഗൊഗോയിയെയും ശീതൾ ഷാജി മഹാരാഷ്ട്രയുടെ റുടുജ ദേവ്കറിനെയും നിസ്സി ലെയ്‌സി തമ്പി തമിഴ്‌നാടിന്റെ വി.വിനോദിനിയെയും ദിവ്യ ഗണേഷ് തെലങ്കാനയുടെ ലക്ഷ്മി പ്രത്യൂഷ കോലയെയും പരാജയപ്പെടുത്തി.
64 കിലോ വിഭാഗത്തിൽ ഭാഗ്യശ്രീ പുരോഹിത് (ഉത്തർ പ്രദേശ്), ഗഗൻദീപ് കൗർ (പഞ്ചാബ്) എന്നിവരും രണ്ടാം റൗണ്ടിൽ കടന്നു.
നാളെ പ്രീ ക്വാർട്ടർ മത്സരങ്ങൾ ആരംഭിക്കും. ആറിന് ക്വാർട്ടർ മത്സരങ്ങളും ഏഴിന് സെമിയും എട്ടിന് ഫൈനൽ മത്സരവും നടക്കും.