കാസർകോട്: നാലുവയസുകാരിയെ പീഡിപ്പിച്ച പ്രതിയെ മരണം വരെ ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചു. കരിവേടകം നെച്ചിപ്പടുപ്പ് ശങ്കരംപാടിയിലെ വി.എസ്. രവീന്ദ്രനെയാണ് (46) ജില്ലാ അഡിഷണൽ സെഷൻസ് (ഒന്ന്) കോടതി ജഡ്ജി പി.എസ്. ശശികുമാർ ശിക്ഷിച്ചത്. പോക്സോ നിയമം ഭേദഗതി ചെയ്ത ശേഷം ശിക്ഷ വിധിക്കുന്ന കേരളത്തിലെ ആദ്യത്തെ കേസാണിത്. കൂടാതെ 25,000 രൂപ പിഴയടയ്ക്കാനും വിധിച്ചു. പിഴയടച്ചില്ലെങ്കിൽ രണ്ടു വർഷം അധിക തടവ് അനുഭവിക്കണം. ഇന്ന് രാവിലെയാണ് ശിക്ഷ പ്രഖ്യാപിച്ചത്.
2018 ഒക്ടോബർ ഒമ്പതിനായിരുന്നു സംഭവം. വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന ദളിത് കുടുംബത്തിൽപ്പെട്ട ബാലികയെ രവീന്ദ്രന്റെ വീട്ടിൽ കളിക്കാനെത്തിയപ്പോഴാണ് പീഡിപ്പിച്ചത്. ബേഡകം പൊലീസ് കേസെടുത്തുവെങ്കിലും പീഡനത്തിനിരയായത് ദളിത് വിഭാഗത്തിലെ കുട്ടിയായതിനാൽ അന്വേഷണം കാസർകോട് സ്പെഷ്ൽ മൊബൈൽ സ്ക്വാഡിന് കൈമാറുകയായിരുന്നു. സ്പെഷ്യൽ മൊബൈൽ സ്ക്വാഡ് ഡിവൈ.എസ്.പി ഹരിശ്ചന്ദ്ര നായികാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രകാശ് അമ്മണ്ണായ ഹാജരായി.