gold

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 90 ലക്ഷത്തിന്റെ രണ്ടു കിലോ 336 ഗ്രാം സ്വർണ ബിസ്‌കറ്റുകൾ പിടികൂടി. ഇന്നലെ പുലർച്ചെ 3.45ന് അബുദാബിയിൽ നിന്നെത്തിയ ഗോ എയർ വിമാനത്തിൽ നിന്നാണ് 2.36 കിലോ ഗ്രാം സ്വർണം പിടികൂടിയത്. എന്നാൽ ഇത് കൊണ്ടുവന്നയാളെ കണ്ടെത്താനായില്ല. യാത്രക്കാരിറങ്ങിയ ശേഷം സെക്യൂരിറ്റി ജീവനക്കാർ നടത്തിയ പരിശോധനയിലാണ് വിമാനത്തിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച പൊതി കണ്ടെത്തിയത്. തുടർന്ന് കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണർ ഇ.വികാസിന്റെ നേതൃത്വത്തിലുള്ള സംഘം സ്വർണം കസ്റ്റഡിയിലെടുത്തു. യാത്രക്കാരില്ലാത്ത സീറ്റിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. പത്ത് ബിസ്‌കറ്റുകൾ വീതം രണ്ട് കെട്ടുകളിലാക്കി കറുത്ത സെല്ലോ ടേപ്പുപയോഗിച്ച് പൊതിഞ്ഞ നിലയിലായിരുന്നു.

അതിനിടെ യാത്രക്കാരനായ കാസർകോട് സ്വദേശി നൗഫലിൽ നിന്ന് രണ്ടര ലക്ഷം രൂപയുടെ മൂന്നു കിലോ കുങ്കുമപ്പൂവും പിടികൂടി. അബുദാബിയിൽ നിന്നെത്തിയ ഇയാളെ സംശയത്തെ തുടർന്ന് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് കുങ്കുമപ്പൂവ് കണ്ടെത്തിയത്. സൂപ്രണ്ടുമാരായ കെ. സുകുമാരൻ, സി.വി. മാധവൻ, ഇൻസ്‌പെക്ടർമാരായ യദുകൃഷ്ണൻ, എൻ. അശോക് കുമാർ, കെ.വി. രാജു, മനീഷ് കുമാർ, എൻ.പി.പ്രശാന്ത്, ഹവിൽദാർമാരായ ശ്രീരാജ്, സുമാവതി എന്നിവരാണ് പരിശോധന നടത്തിയത്.