കണ്ണൂർ: മികച്ച ഭിന്നശേഷി ശാക്തീകരണ സംസ്ഥാനത്തിനുള്ള അവാർഡ് ഉപരാഷ്ട്രപതിയിൽ നിന്ന് സ്വീകരിച്ച് മടങ്ങിയെത്തിയ ആരോഗ്യമന്ത്രി കെ. കെ. ശൈലജയ്‌ക്ക് കണ്ണൂർ വിമാനത്താവളത്തിൽ സ്വീകരണം നൽകി. ഉച്ചയ്ക്ക് രണ്ടരയോടെ വിമാനത്താവളത്തിലിറങ്ങിയ മന്ത്രിക്ക് ജനപ്രതിനിധികളുടെയും ആരോഗ്യ, സാമൂഹ്യനീതി, വനിതാ ശിശുവികസന വകുപ്പുകളുടെയും സ്‌പെഷ്യൽ സ്‌കൂൾ വിദ്യാർത്ഥികളുടെയും നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്. വിമാനത്താവളത്തിന് പുറത്തെത്തിയ മന്ത്രിയെ വാദ്യമേളങ്ങളോടെ വരവേറ്റു. സ്വീകരിക്കാനെത്തിയ പഴശി രാജ ബഡ്‌സ് സ്‌കൂളിലെയും കണ്ണൂർ സ്‌പെഷ്യൽ സ്‌കൂളിലെയും വിദ്യാർത്ഥികൾക്ക് മന്ത്രി മധുരം നൽകി.
ഭിന്നശേഷിക്കാരുടെ ഉന്നമനത്തിന് കൂടുതൽ ശക്തിയോടെ പ്രവർത്തിക്കാനുള്ള പ്രചോദനമാണ് ദേശീയ അവാർഡെന്ന് മന്ത്രി പറഞ്ഞു.
മട്ടന്നൂർ നഗരസഭാ ചെയർ പേഴ്‌സൺ അനിതാ വേണു, കീഴല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എം രാജൻ, സാമൂഹ്യസുരക്ഷാ മിഷൻ എക്‌സിക്യൂട്ടീവ് ഡയരക്ടർ ഡോ. മുഹമ്മദ് അഷീൽ, ഡെപ്യൂട്ടി ഡിഎംഒ ഡോ. എം കെ ഷാജ്, ഡിപിഎം ഡോ. കെ വി ലതീഷ്, ജില്ലാ സമൂഹ്യനീതി ഓഫീസർ പവിത്രൻ തൈക്കണ്ടി, ഡോ. കെ സുഷമ, ടി ജയകുമാർ തുടങ്ങിയവർ മന്ത്രിയെ സ്വീകരിക്കാനാനെത്തിയിരുന്നു.


കവ്വായിക്കായലിൽ കയാക്കിംഗ് സാഹസിക യാത്ര ഇന്ന്

പയ്യന്നൂർ :ലോകസഞ്ചാര ഭൂപടത്തിലിടം പിടിച്ച കവ്വായിക്കായൽ കയാക്കിംഗ് സാഹസിക യാത്രക്ക് ഒരുങ്ങിക്കഴിഞ്ഞു. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് കയാക്കിംഗ് സംഘടിപ്പിക്കുന്നത് .ഇന്ന് രാവിലെ എട്ട് മണിക്ക് സി കൃഷ്ണൻ എം എൽ എ സാഹസിക യാത്ര ഉദ്ഘാടനം ചെയ്യും.കിയാൽ മാനേജിംഗ് ഡയറക്ടർ വി തുളസീദാസ് ഫ്‌ളാഗ് ഒഫ് ചെയ്യും..

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം യാഥാർത്ഥ്യമായതോടെ കായലിനെ അറിയാനും ആസ്വദിക്കാനുമായി നിരവധി വിനോദസഞ്ചാരികളാണ് ഇവിടെയെത്തുന്നത്. ഉത്തര മലബാറിന്റെ ആലപ്പുഴയെന്ന് വിശേഷിക്കപ്പെടുന്ന കവ്വായിക്കായലിലേക്ക് പയ്യന്നൂർ റെയിൽവെ സ്‌റ്റേഷനിൽ നിന്ന് 3 കി.മീ മാത്രമേ ദൂരമുള്ളൂ. അറബിക്കടലിനു സമാന്തരമായി 21 കിലോമീറ്റർ നീണ്ടു കിടക്കുന്ന കവ്വായിക്കായൽ ലോക തണ്ണീർത്തട പദവിയായ രാം സർസൈറ്റ് പട്ടികയിലിടം പിടിച്ചിട്ടുണ്ട്.