കണ്ണൂർ: ഇന്റർനാഷണൽ എയർപോർട്ടിന്റെ ഒന്നാം വാർഷിക ആഘോഷം വിപുലമായ പരിപാടികളോടെ ഈ മാസം 9 ന് നടക്കും.കാലത്ത് 9 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ എത്തുന്നതോടെ ചടങ്ങുകൾ ആരംഭിക്കും. 9.25 ന് അനാഥാലയങ്ങളിലെ കുട്ടികൾക്കായുള്ള പ്രത്യേക വിമാനം മുഖ്യമന്ത്രി ഫ്ളാഗ് ഒഫ് ചെയ്യും. വിമാനത്തിൽ കുട്ടികളോടൊപ്പം പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാട് യാത്രചെയ്ത് മാജിക് അവതരിപ്പിക്കും. തുടർന്ന് ആർട്ട് ഗാലറി, ഇന്റർനാഷണൽ ലൗഞ്ച്, ടൂറിസം ഇൻഫർമേഷൻ കൗണ്ടർ, സൗജന്യ വൈഫൈ സേവനം എന്നിവയുടെ ഉദ്ഘാടനം നടക്കും.

കണ്ണൂർ വിമാനത്താവളത്തിൽ ഇന്ത്യൻ എയർ ഫോഴ്‌സ് അനുവദിച്ച പ്രദർശന വിമാനം 10.30 ന് മുഖ്യമന്ത്രി അനാച്ഛാദനം ചെയ്യും. മന്ത്രി ഇ.പി. ജയരാജൻ അദ്ധ്യക്ഷത വഹിക്കും. മന്ത്രി കെ..കെ.. ശൈലജ മുഖ്യാതിഥിയായിരിക്കും. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് അബുദാബിയിലേക്കുള്ള ആദ്യവിമാനത്തിൽ യാത്രചെയ്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.

വിമാനത്താവളത്തിൽ സി.ഐ.എസ്.എഫ്. ജീവനക്കാരുടെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നടും. ഫോട്ടോ പ്രദർശനം, വിവിധ മത്സരങ്ങൾ, സാംസ്‌കാരിക പരിപാടികൾ, ജീവനക്കാരുടെ ഒത്തുചേരൽ തുടങ്ങിയ പരിപാടികളും നടക്കും. കലാകായിക മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. ഒന്നാം വാർഷികത്തിന്റെ ഭാഗമായി 2019 ഡിസംബർ 9 ന് കണ്ണൂർ എയർപോർട്ടിലൂടെ യാത്ര ചെയ്യുന്ന 4000 യാത്രക്കാർക്ക് സ്പീഡ് വിംഗ്സ് നൽകുന്ന സമ്മാനങ്ങളും ഉണ്ടായിരിക്കും.