തലശ്ശേരി :കുഴൽപ്പണ ഇടപാടുകാരനെ തടഞ്ഞു നിറുത്തി ലക്ഷങ്ങൾ കൊള്ളയടിച്ച സംഭവത്തിൽ മൂന്നംഗ സംഘത്തെ പൊലീസ് പിടികൂടി. മൊകേരി കടേപ്രത്തെ ബൈത്തുൽ സൈനിൽ എം.പി ഷിനോസ് ( 25), കൃഷ്ണാലയത്തിൽ സനിൽ (29), മുത്താറിപ്പീടിക തെക്കിലാണ്ടി വീട്ടിൽ ജുബീഷ് (28) എന്നിവരെയാണ് തലശ്ശേരി ഡിവൈ. എസ്. പി കെ. വി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. പാനൂർ സർക്കാൾ ഇൻസ്‌പെക്ടർ ശ്രീജിത്ത്, എസ്. ഐ സന്തോഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. നാലു പേരെ കൂടി കേസിൽ പിടികൂടാനുണ്ടെന്ന് ഡിവൈ. എസ്. പി പറഞ്ഞു. പിടിയിലായവരിൽ നിന്ന് കൊള്ളയടിച്ച പണത്തിന്റെ വിഹിതവും കണ്ടെടുത്തിട്ടുണ്ട്. ഷിനോസ് നേരത്തെ ഹവാല പണമിടപാട് കേസിൽ പിടിയിലായിട്ടുണ്ട്.

നവംബർ 26 ന് കാലത്ത് 11 മണിയോടെ മൊകേരിയിൽ വെച്ച്
ലത്തീഫ് എന്നയാളെ തടഞ്ഞു നിർത്തി എട്ട് ലക്ഷത്തി അറുപത്തിനാലായിരം രൂപ കൊള്ളയടിച്ചെന്നാണ് പരാതി. ഹവാല പണമിടപാടുകാരനാണ് ലത്തീഫെന്ന് പോലീസ് വെളിപ്പെടുത്തി. ഇയാൾക്കെതിരെ എൻഫോഴ്‌സ് മെന്റിന് റിപ്പോർട്ട് സമർപ്പിക്കും. പാനൂർ , കൂത്തുപറമ്പ് , ചൊക്ലി ,മാഹി മേഖലകളിൽ ഇത്തരം സംഘങ്ങൾ പ്രവർത്തിച്ചു വരുന്നുണ്ട്.