മട്ടന്നൂർ: ജന്മസിദ്ധിയെ കർമ്മസിദ്ധി കൊണ്ട് പൂർണ്ണമാക്കാൻ വിദ്യാർത്ഥികൾക്ക് സാധിക്കണമെന്ന് യു എ ഇ യിലെ മലയാള വിഭാഗം റിട്ട.റേഡിയോ സ്റ്റേഷൻ ഡയരക്ടരും സാഹിത്യകാരനുമായ കെ.പി.കെ. വെങ്ങര .കല്ലൂർ ന്യൂ യു.പി.സ്കൂളിൽ രക്ഷാകർതൃ വിദ്യാഭ്യാസ പരിപാടിയും വിവിധ മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്കുള്ള അനുമോദന സദസ്സും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ വിദ്യാഭ്യാസപരമായ ഉന്നമനത്തിനായി രക്ഷിതാക്കളും അധ്യാപകരും ഒത്തൊരുമിച്ചു പ്രവർത്തിക്കണം.കുട്ടികളെ എങ്ങനെ നയിക്കുന്നുവോ അതുപോലെ അവർ വളരും. അതുകൊണ്ട് അവർക്ക് ശശിയാരീതിയാൽ ദിശാബോധം നൽകാൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പിടിഎ പ്രസിഡന്റ് വി.നാരായണൻ അദ്ധ്യക്ഷത വഹിച്ചു.പി.എം.മഹേശ്വരൻ നമ്പൂതിരി പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞസന്ദേശം നൽകി. ബ്ലോക്ക് പ്രോഗ്രാം ഓഫീസർ എ.വി.രതീഷ് കുമാർ പദ്ധതി വിശദീകരണം നടത്തി.നഗരസഭാംഗം എൻ.പി.സുജാത വിവിധ മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികളെ അനുമോദിച്ചു.ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രിയുടെ വീഡിയോ സന്ദേശവും വിദ്യാലയ മികവ് വീഡിയൊ അവതരണവും നടത്തി.സ്കൂൾ മാനേജർ ഇ.സുധീർ മാസ്റ്റർ, വിനോദ് കുമാർ, മേരി ജോർജ്ജ്, എ എസ് ഐ അബൂബക്കർ എന്നിവർ സംസാരിച്ചു.പ്രധാനാദ്ധ്യാപകൻ ഇ.പ്രസാദ് സ്വാഗതവും മദർ പിടിഎ പ്രസിഡൻ്റ് കെ.ഷൈമ നന്ദിയും പറഞ്ഞു.