മട്ടന്നൂർ:സാധരണക്കാർക്കും വിമാനയാത്ര ലഭിക്കാൻ വേണ്ടിയുള്ള ഉഡാൻ പദ്ധതി പ്രവർത്തനം തുടങ്ങിയതിന്റെ ഒന്നാംവാർഷികത്തിലും കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പൂർണ അർത്ഥത്തിൽ നടപ്പായില്ല. മണിക്കൂറിന് 2500 രൂപ പ്രകാരം ഉഡാൻ വഴി ആഭ്യന്തര സർവീസ് വ്യാപകമാക്കുമെന്ന പ്രഖ്യാപനം പേരിൽ മാത്രമാണിന്നും .

വിമാനത്താവളം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഉഡാൻ സർവീസ് വ്യാപകമാക്കുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഉഡാൻ പദ്ധതിയിൽ ആഭ്യന്തര സർവീസുകൾ ആരംഭിക്കുന്നതു സംബന്ധിച്ച് കേന്ദ്ര - സംസ്ഥാന സർക്കാരുകളും എയർപോർട്ട് അതോറിറ്റിയും ധാരണപത്രം ഒപ്പുവെച്ചുവെങ്കിലും ഉഡാൻ പദ്ധതിയിലെ നിബന്ധനകാരണം പിൻവാങ്ങാൻ സംസ്ഥാനസർക്കാർ തീരുമാനിച്ചിരുന്നു.

ഉഡാൻ പദ്ധതി പ്രകാരം സർവീസ് നടത്തുന്ന എയർലൈൻ കമ്പനികൾക്കു റൂട്ടുകൾ മുന്നുവർഷത്തേക്ക് കുത്തകയായി നൽകണമെന്നും വിമാനത്താവളക്കൂലി വാങ്ങരുതെന്ന വ്യവസ്ഥയും രാജ്യന്തര എയർലൈൻ കമ്പനികൾ കണ്ണൂരിലേക്കു വരാനുള്ള സാധ്യത കുറയുമെന്ന ആശങ്കയും മാണ് ഉഡാൻ പദ്ധതിയിൽ നിന്ന് പിൻമാറാൻ പ്രധാനകാരണമായി കണ്ടെത്തിയത്.

എന്നാൽ കേന്ദ്ര സർക്കാറിന്റെ പ്രധാന പദ്ധതികളിൽ ഒന്നായ ഉഡാൻ കണ്ണൂരിൽ നടപ്പാക്കുന്ന കാര്യത്തിൽ കേന്ദ്രം സമ്മർദ്ദം ചെലുത്തിയതിനെ തുടർന്ന് ചില നിബന്ധനകൾ മാറ്റി നടപ്പാക്കാൻ തത്വത്തിൽ തീരുമാനിച്ചുവെങ്കിലും ലക്ഷ്യത്തിൽ എത്തിചേരാൻ കഴിഞ്ഞില്ല. ഉഡാൻ വഴി തുടക്കത്തിൽ യാത്രക്കാർ കുറയാൻ സാധ്യതയുള്ളതിനാൽ വിമാനക്കമ്പനികൾക്ക് നഷ്ടം വരുന്ന തുകയുടെ 20 ശതമാനം വിജി എഫ് (വയ ബീലിറ്റി ഗ്യാപ് ഫണ്ട് ) ആയി സംസ്ഥാന സർക്കാരും ബാക്കി 80 ശതമാനം കേന്ദ്ര സർക്കാരും വഹിക്കാൻ നേരത്തെ ധാരണയായിട്ടുണ്ട്.

പ്രഖ്യാപിച്ച സർവീസുകൾ

ചെന്നൈ, ഗാസിയാബാദ്, ബെംഗളുരു, ഹൂബ്ലി, ഡൽഹി, ഗോവ, കൊച്ചിൻ, തിരുവനന്തപുരം ദിവസസർവീസ് -സ്പൈസ്ജെറ്റ്, ഇൻഡിഗോ, കമ്പനികൾ

സർവീസ് നടത്തുന്നത്

ഇൻഡിഗോ, ഗോ എയർ ,എയർ ഇന്ത്യ

ഉഡാൻ

വിമാനയാത്രയെന്നത് ഇന്നും സ്വപ്നം മാത്രമായി കൊണ്ടു നടക്കുന്ന ബഹുഭൂരിപക്ഷം ഇന്ത്യക്കാരെയും ലക്ഷ്യം വച്ച് കേന്ദ്ര സർക്കാരിന്റെ ഉഡാൻ (ഉഡെ ദേഷ് കാ ആം നാഗരിക് പദ്ധതി) ഒരു മണിക്കൂർ വിമാന യാത്രയ്ക്കു 2,500 രൂപയെന്ന പദ്ധതിയനുസരിച്ചുള്ള ആദ്യ വിമാനം 2017 ജനുവരി മുതലാണ് പറന്നുതുടങ്ങിയത്.