പെർള (കാസർകോട് ): ജോലി കഴിഞ്ഞ് വീട്ടിലെത്തി ഭക്ഷണം കഴിക്കാനുള്ള തയാറെടുപ്പിനിടെ പിതാവിനെ മകൻ വെട്ടിക്കൊലപ്പെടുത്തി. പെർള സ്വർഗക്കടുത്ത് ആർളപദവ് ബുള്ളിന്തല കല്ലപദവിലെ കൃഷ്ണ നായക് (65) ആണ് വെട്ടേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് എൻഡോസൾഫാൻ ഇരയായ മകൻ ഉദയനെ (28) പുത്തൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാത്രി ഏഴു മണിയോടെയാണ് സംഭവം.

കൃഷ്ണനായകും ഉദയനും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. ഇതിനുശേഷം ഭാര്യ ലളിത കൃഷ്ണ നായകിന് കഴിക്കാൻ ഭക്ഷണം വിളമ്പിവച്ചു. ഭക്ഷണം കഴിക്കാൻ ഒരുങ്ങുകയായിരുന്ന കൃഷ്ണനായകിന്റെ കഴുത്തിൽ ഉദയൻ വാക്കത്തികൊണ്ട് വെട്ടുകയായിരുന്നു. കൃഷ്ണ നായക് തൽക്ഷണം മരിച്ചു.പൊലീസെത്തുമ്പോൾ ഉദയൻ വീട്ടു വളപ്പിൽ മദ്യക്കുപ്പികൾ അടുക്കിവയ്ക്കുന്നതാണ് കണ്ടത്. എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിൽ ഉൾപ്പെട്ട ഉദയൻ നേരത്തെ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിൽ കഴിഞ്ഞിരുന്നതായി പൊലീസിന് വിവരം ലഭിച്ചു.