കാഞ്ഞങ്ങാട്: മെഡിക്കൽ കോളേജോളം സൗകര്യമുണ്ടായിട്ടും വയറുവേദനയുമായെത്തിയ രോഗിയെ ജില്ലാ ആശുപത്രിയിൽ നിന്നും റഫർ ചെയ്തതായി ആരോപണം. ചെമ്മട്ടംവയൽ ബല്ലത്തെ എം സുകുമാരനെ (48)യാണ് റഫർചെയ്തത്. വയറുവേദന അനുഭവപ്പെട്ട സുകുമാരനെ ബുധനാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡോക്ടർ സ്‌കാനിംഗും മറ്റ് പരിശോധനകളും ചെയ്യാൻ പറയുകയും അതു പ്രകാരം ചെയ്യുകയും ചെയ്തു. അയ്യായിരത്തിൽപരം രൂപ വീട്ടുകാർക്ക് ചെലവാവുകയും ചെയ്തു. രാത്രി വേദനകൊണ്ട് അവശനായ സുകുമാരനെ ഡ്യൂട്ടി ഡോക്ടർ പോലും ശ്രദ്ധിച്ചില്ലത്രെ. വ്യാഴാഴ്ച രാവിലെ എത്തിയ ഡോക്ടർ മെഡിക്കൽ കോളേജിലേക്ക് പോകാൻ നിർദ്ദേശിക്കുകയായിരുന്നുവത്രേ.

പരിയാരത്തിനു പകരം മംഗളൂരുവിലെ ആശുപത്രിയിൽ അഡ്മിറ്റായ സുകുമാരനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു. അപ്പൻഡിക്സ് ബാധിച്ചാണ് സുകുമാരന് വയറുവേദന അനുഭവപ്പെട്ടത്. ദേശീയ പുരസ്കാരമടക്കം ലഭിച്ച ആശുപത്രിയിൽ നിന്നും രോഗിക്ക് ഇത്തരത്തിലൊരു അനുഭവം ഉണ്ടായതിൽ പരക്കെ പ്രതിഷേധം ഉയർന്നിട്ടുണ്ട്.

രോഗിയുടെ നില ആശങ്കാജനകമായതിനാലാണ് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തത്. അപ്പൻഡിക്സ് ബാധിച്ച രോഗിയുടെ വയർ വീർത്തുവരാൻ തുടങ്ങിയതാണ് നില വഷളാക്കിയത്. രോഗിക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പുവരുത്താനാണ് പെട്ടെന്നു തന്നെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിച്ചത്.

ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. റിജിത്ത്കൃഷ്ണൻ