കാസർകോട് : ബാങ്ക് അക്കൗണ്ടിൽ നിന്ന് അജ്ഞാതൻ 47,000 രൂപ പിൻവലിച്ചുവെന്ന ഇടപാടുകാരന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. ബംഗളൂരുവിലെ ജ്യൂസ് കടയിൽ ജീവനക്കാരനും പൽപ്പത്തടുക്ക സ്വദേശിയുമായ അബ്ദുൽ സിറാജിന്റെ പരാതിയിലാണ് ബദിയടുക്ക പൊലീസ് കേസെടുത്തത്. അബ്ദുൽ സിറാജിന്റെ പെർള സിൻഡിക്കേറ്റ് ബാങ്കിലുള്ള അക്കൗണ്ടിൽ നിന്നാണ് പണം നഷ്ടമായത്. അബ്ദുൽ സിറാജിന്റെ പേ ടിഎം അക്കൗണ്ട് ഈയിടെ തടസപ്പെട്ടിരുന്നു. ഇക്കാര്യമറിഞ്ഞ ആരോ സിറാജിന്റെ ഫോണിൽ വിളിക്കുകയും ഒ.ടി.പി നമ്പർ വേണമെന്ന് അറിയിക്കുകയും ചെയ്തു. ഇതേതുടർന്ന് സിറാജ് ഒ.ടി.പി നമ്പർ നൽകി. എന്നാൽ പേടിഎം അക്കൗണ്ട് പൂർവ സ്ഥിതിയിൽ ആയില്ലെന്ന് മാത്രമല്ല അക്കൗണ്ടിൽ നിന്ന് 47,000 രൂപ പിൻവലിച്ചതായി കണ്ടെത്തുകയും ചെയ്തു.