
നീലേശ്വരം: ഉടുമ്പിനെ കൊന്നു കറിവച്ചയാളെ വനംവകുപ്പ് ഫ്ലയിംഗ് സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. ഉടുമ്പിനെ കൊന്ന കൂട്ടുപ്രതിക്കായി തിരച്ചിൽ ഊർജിതമാക്കി. ഇന്നലെ വൈകിട്ടു മൂന്നരയോടെ ചായ്യോം കോളനിക്കു സമീപമാണ് സംഭവം. അറസ്റ്റിലായ ചായ്യോം ബസാർ ലക്ഷ്മി നിലയത്തിലെ സി.ചന്ദ്രൻ (42), ഒളിവിൽ പോയ ചായ്യോം വാഴപ്പന്തൽ ആറാട്ടുകടവ് ഹൗസിലെ ടി.എം.അഷ്‌റഫ് (53) എന്നിവർ ചേർന്നാണ് കോളനിക്കു സമീപത്തെ കുറ്റിക്കാട്ടിൽ നിന്ന് ഉടുമ്പിനെ പിടിച്ചത്. അഷ്‌റഫ് ഇതിനെ അറുത്തു പാകപ്പെടുത്തുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വനംവകുപ്പിനു വിവരം ലഭിച്ചത്.
ഇവർ കറി തയാറാക്കിക്കഴിഞ്ഞപ്പോൾ വൈകിട്ട് ആറു മണിക്ക് കാസർകോട് ഫ്ളയിംഗ് സ്‌ക്വാഡ് സ്ഥലത്തെത്തി. നാലു വയസ് പ്രായമുള്ള ഉടുമ്പിന്റെ മൂന്നു കിലോയോളം പാകം ചെയ്ത ഇറച്ചി പിടിച്ചെടുത്തു. വന്യജീവി സംരക്ഷണ നിയമത്തിന്റെ ഷെഡ്യൂൾ ഒന്നിൽ പെടുന്ന ജീവിയാണ് ഉടുമ്പ്. ജാമ്യം ലഭിക്കാത്ത കുറ്റമാണിത്.
ഫ്ളയിംഗ് സ്‌ക്വാഡ് റേഞ്ച് ഓഫിസർ എം.കെ.നാരായണൻ, സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ കെ.മധുസൂദനൻ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ വി.വി.പ്രകാശൻ, കെ.വി.വീണ, ഡ്രൈവർ പി.പ്രദീപ് കുമാർ എന്നിവരാണ് വനംവകുപ്പ് സംഘത്തിലുണ്ടായിരുന്നത്. ചന്ദ്രനെ ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കി.