കണ്ണൂർ: സംസ്ഥാന കൈത്തറി വികസന കോർപറേഷൻ ലിമിറ്റഡിന്റെ നേതൃത്വത്തിൽ പുതുതായി നെയ്ത്ത് തൊഴിൽ പരിശീലിച്ചവരുടെ സംഗമം നാളെ ദിനേശ് ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ മുഖ്യാതിഥിയാകും. മന്ത്രി ഇ.പി.ജയരാജൻ അദ്ധ്യക്ഷനാകും.

പായം, മാങ്ങാട്ടിടം, കോളയാട്, ചെറുപുഴ എന്നീ പഞ്ചായത്തുകളിലെ തൊഴിൽരഹിതരായ സ്ത്രീകളെയാണ് പഞ്ചായത്ത് മുൻകൈയെടുത്ത് ഹാൻവീവിന്റെ നിർദേശമനുസരിച്ചു തൊഴിൽ പരിശീലനം നൽകിയത്. കണ്ണൂർ, വിയ്യൂർ, തിരുവനന്തപുരം എന്നീ സെൻട്രൽ ജയിലുകളിലെ അന്തേവാസികൾക്കും പരിശീലനം നൽകി. മൂന്നു മാസത്തെ പരിശീലനം ഏതാണ്ട് 800 തൊഴിലാളികൾക്കു നൽകി. മാസത്തിൽ 4000 രൂപ വച്ച് 12000 രൂപ പരിശീലന കാലയളവിൽ സ്റ്റെപ്പന്റായും നൽകി. അതോടൊപ്പം വീട്ടിലൊരു തറി എന്ന പദ്ധതിയുടെ ഭാഗമായി പരിശീലനം പൂർത്തിയാക്കിയവർക്ക് 50,000 രൂപയുടെ തറി സൗജന്യമായി നൽകി വരുന്നുമുണ്ട്.

വാർത്താസമ്മേളനത്തിൽ ചെയർമാൻ കെ.പി. സഹദേവൻ, പ്രതീഷ് നായർ, ടി.എം. ബാബുരാജ്, കെ. ശ്രീജിത്ത് എന്നിവർ സംബന്ധിച്ചു.