കാസർകോട്: ഈവനിംഗ് കഫേ കൾച്ചറൽ ആൻ‌ഡ് ആർട്‌സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന മേഘമൽഹാർ ഫുഡ് ആൻ‌ഡ് കൾച്ചറൽ ഫെസ്റ്റ് 12ന് പുതിയ ബസ് സ്റ്റാൻഡിനു സമീപം നുള്ളിപ്പാടിയിലെ ഹുബാഷിക സ്റ്റേഡിയത്തിൽ ആരംഭിക്കും. വൈകിട്ട് 6ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ ജനപ്രതിനിധികളും സാംസ്‌കാരിക പ്രവർത്തകരും പങ്കെടുക്കും.

20 ദിവസം നീണ്ടു നിൽക്കുന്ന പരിപാടിയിൽ കേരളത്തിലെ പ്രശസ്ത പിന്നണി ഗായകർ പാടും. 12ന് സിദ്ധാർത്ഥ് മേനോൻ ലൈവ്, 13ന് ഇർഫാൻ എറോത്തും ജാവേദ് അസ്ലമും സംഘവും ഒരുക്കുന്ന മെഹ്ഫിൽ ഇ സമാ, 14ന് സൂരജ് സന്തോഷ്, 15ന് സമീർ ബിൻസിയും ഇമാം മജ്ബൂറും ഒരുക്കുന്ന സൂഫിയാനാ കലാം, 16ന് സിതാരാ കൃഷ്ണകുമാർ പ്രൊജക്ട് മലബാറിക്കസ് ബാൻഡുമായി എത്തും. 17ന് കരിന്തലക്കൂട്ടത്തിന്റെ നാടൻ പാട്ടുകളും നൃത്തവും, 18ന് സിനോവ് രാജും അബിൻ സാഗറും നൈലോൺ സ്ട്രിംഗ് ബാൻഡുമായി പാടും. 19ന് ഗിരീഷ് പുത്തഞ്ചേരിയുടെ ഓർമ്മകളുമായി ഒരു രാത്രി കൂടി വിടവാങ്ങവേ എന്ന പരിപാടിയിൽ രവിശങ്കറും പി.വി. പ്രീതയും ഗാനങ്ങൾ ആലപിക്കും. 20ന് മിഥുൻ ജയരാജ് പാടും. 21ന് അരുൺ അലാട്ട്, 22ന് ആലപ്പുഴ ഇപ്ര ഒരുക്കുന്ന നാട്ടരങ്ങ്, 23ന് കണ്ണൂർ ഷരീഫും സജ്‌ലി സലീമും മാപ്പിളപ്പാട്ടുകൾ ആലപിക്കും. 24ന് കെ.എസ്. ഹരിശങ്കർ പ്രഗതി ബാൻഡുമായി എത്തും. 25ന് റാസാ ബീഗം ഗസൽ, 26ന് മിഹ്‌റിബാൻ അറേബ്യൻ ടർക്കിഷ് സംഗീതം, 27ന് രാസ്യജനി നൃത്തം, 28ന് ജോബ് കുര്യൻ ലൈവ്, 29ന് പദ്മകുമാർ അവതരിപ്പിക്കുന്ന സ്മൃതിസന്ധ്യ ഗസൽ, 30ന് ഫൈസൽ റാസിയും ശിഖയും പാടുന്നു. 31ന് പുതുവത്സര രാത്രിയിൽ പ്രശസ്ത ഗായികയും ആക്ടിവിസ്റ്റുമായ രശ്മി സതീഷ് ട്രിപ്പിൻ രെസ ബാൻഡുമായി എത്തും. പുതുവത്സരാഘോഷത്തോടെയാണ് സമാപനം. നാടൻ, ഉത്തരേന്ത്യൻ, അറേബ്യൻ ഭക്ഷണവിഭവങ്ങളുമായി പ്രത്യേക ഫുഡ് കോർട്ടും ഒരുക്കിയിട്ടുണ്ട്.