തലശ്ശേരി: കുയ്യാലിയിൽ റെയിവെ മേൽപ്പാലം വേണമെന്ന് താലൂക്ക് വികസനസമിതി യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച നഗരസഭ കൗൺസിലർ എം. പി അരവിന്ദാക്ഷനാണ് ആവശ്യം ഉന്നയിച്ചത്. ആവശ്യം വികസന സമിതി സംസ്ഥാന സർക്കാരിന് കൈമാറാൻ തീരുമാനിച്ചതായി തഹസിൽദാർ മറുപടി നൽകി. കുയ്യാലിയിൽ ഗതാഗതക്കുരുക്ക് നിത്യസംഭവമാണ്. നിലവിലെ പാലം കാലപ്പഴക്കത്താൽ ജീർണ്ണത നേരിടുകയാണ്. വീതിക്കുറവും ഗതാഗതകുരുക്കിന് ആക്കംകൂട്ടുന്നുണ്ട്. പകരം പാലം പണിയുന്നതിനേക്കാൾ ഉചിതം റെയിൽവെ മേൽപ്പാലം നിർമ്മാണമാണെന്നും അദ്ദേഹം യോഗത്തിൽ ചൂണ്ടിക്കാട്ടി.
കതിരൂർ പഞ്ചായത്തിൽ മൂന്ന് വർഷമായി കെ.എസ്. ഇ. ബി ക്കും രജിസ്ട്രാർ ഓഫീസിനുമായി പൊതുജനത്തിൽ നിന്നും പിരിവെടുത്ത് വാങ്ങിച്ച സ്ഥലം ഇതുവരെ ഉപയോഗിക്കാനായില്ലെന്ന് പഞ്ചായത്തംഗം നാണു യോഗത്തിൽ ഉന്നയിച്ചു.ഇതു സംബന്ധിച്ച് നടപടിക്രമങ്ങളൊന്നും പൂർത്തിയായില്ല. പോക്കുവരവും ഗസറ്റ് വിജ്ഞാപനവും ഇതുവരെ നടന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് നടപടികൾ ത്വരിതഗതിയിലാക്കാൻ കതിരൂർ വില്ലേജ് ഓഫീസറോട് യോഗം ആവശ്യപ്പെട്ടു. സ്ഥലമേറ്റെടുക്കുന്നതിൽ ബന്ധപ്പെട്ട അധികൃതർക്ക് ഗുരുതര വീഴ്ചപറ്റിയെന്നും യോഗം വിലയിരുത്തി.
മഞ്ഞോടി മലബാർ കാൻസർ സെന്റർ റോഡ് പുനർനിർമ്മാണപ്രവൃത്തി മന്ദഗതിയിലാണെന്ന് വി. സി പ്രസാദ് പറഞ്ഞു. പ്രവർത്തിക്കാണെന്ന് പറഞ്ഞ് മാസങ്ങളായി ഈ ഭാഗത്തേക്കുള്ള റോഡുകൾ അടച്ചിട്ടിരിക്കുകയാണ്. ഇത് പൊതുജനങ്ങളെയും വാഹന യാത്രക്കാരെയും ഏറെ ബാധിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റോഡിന്റെ പ്രവൃത്തി ചെറിയ രീതിയിൽ നടന്നുവരികയാണെന്നും വരും ദിവസങ്ങളിൽ വേഗത്തിലാക്കുമെന്നും പി. ഡബ്ളിയു.ഡി ഉദ്യോഗസ്ഥർ യോഗത്തെ അറിയിച്ചു.
മൂന്നാം ഗേറ്റ് അടച്ചിട്ട് അടിപ്പാതയുടെ പ്രവർത്തനം നടന്നുവരികയാണെന്നും ഇത് സ്ഥലത്ത് വെള്ളക്കെട്ടിന് ഇടയാക്കുമെന്നും നഗരസഭ കൗൺസിലർ വിനയരാജ്, വാഴയിൽ ശശി എന്നിവർ ചൂണ്ടിക്കാട്ടി. ഇക്കാര്യം റെയിൽവെയുടെയും എം. പിയുടെയും സംസ്ഥാന സർക്കാറിന്റെയും ശ്രദ്ധയിൽപ്പെടുത്തുമെന്ന് തഹസിൽദാർ അറിയിച്ചു.
വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ച് നാൽപ്പതോളം ഉദ്യോഗസ്ഥരും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.